ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച ശബരിമലയിലെ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്.
ഹൈകോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 9 മുതല്‍ വെര്‍ച്ച്‌വല്‍ ക്യൂ ബുക്കിങ് 50000 ആയും തത്സമയ ബുക്കിങ് 5000 ആയും നിജപ്പെടുത്തും. ജനുവരി 13ന് 50000 ആയും മകരവിളക്ക് ദിവസമായ ജനുവരി 14ന് 40000 ആയും മകരവിളക്ക് കഴിഞ്ഞ് അടുത്ത ദിവസമായ 15ന് 60000 ആയും നിയന്ത്രിച്ചിട്ടുണ്ട്.
ജനുവരി 9 മുതല്‍ തത്സമയ ബുക്കിങ് സംവിധാനം നിലക്കലിലേക്ക് മാറ്റും. ദര്‍ശനം നടത്തി തിരിച്ചിറങ്ങുന്നവരും ബുക്കിങ്ങിന് നില്‍ക്കുന്നവരും ചേര്‍ന്നുള്ള തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
