Site icon Malayalam News Live

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. എസ്‌ഐടിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വർണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങള്‍ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച്‌ നവീകരിക്കാനാണ് താൻ അനുമതി നല്‍കിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്.

 

പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡില്‍ നിന്നും ശമ്ബളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടു,o പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്ര പരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിൻ്റെ ജാമൃ ഹർജിയില്‍ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാൻ എസ്‌ഐടി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്.

 

തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. അനുമതി എല്ലാത്തിലും നിർബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാല്‍ ചില സ്പോണ്‍സർഷിപ്പുകളില്‍ നല്‍കിയ അനുമതി സംശയകരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്ത്രിയുടെ അനുമതി അഥവാ അനുജ്ഞ ആവശ്യമാണ്. ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വർണക്കൊള്ളയില്‍ നേരിട്ട് പങ്കില്ല എന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

 

അതേസമയം സ്വർണക്കൊള്ള കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.

Exit mobile version