Site icon Malayalam News Live

ശബരിമല സ്വർണക്കൊള്ളയിൽ കേസടുത്ത് ഇഡി; അന്വേഷണം ഇനി പുതിയ വഴിത്തിരിവിൽ

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്‌ട്രേറ്റ് കേസെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണ നിരോധന നിയമപ്രകാരം കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമാനമായ നടപടിയാണിത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിൽ ഇഡി കൂടെ എത്തുന്നതോടെ രാഷ്ട്രീയപരമായ ചർച്ചകൾക്കും പുതിയ നീക്കം വഴിവെക്കും.

നേരത്തെ കേസിന്റെ വിവരങ്ങള്‍ തേടി റാന്നി കോടതിയില്‍ ഇഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എഫ്‌ഐആര്‍ അടക്കം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കോടതി ആവശ്യം നിരസിച്ചിരുന്നു. പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇഡിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍ തങ്ങള്‍ക്ക് അന്വേഷിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഇഡി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇഡി കേസെടുക്കാന്‍ അനുമതിക്കായി ഡല്‍ഹിയിലേക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. കേസെടുക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version