കൊച്ചി: ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ശാരീരിക അവശതകള്‍ അനുഭവിക്കുന്നവർക്ക് ഡോളി സൗകര്യം ഉറപ്പാക്കണമെന്നും ഇതിനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണമെന്നും ഹൈക്കോടതി.
പമ്പയില്‍ തന്നെ ഇതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കണം. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണം.
കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ ഭിന്നശേഷിക്കാരനായ തിരുവനന്തപുരം സ്വദേശിക്ക് ഡോളി നിഷേധിച്ചത് ഏറെ വിവാദമായിരുന്നു.
ശാരീരികാവശതയുള്ളവരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ പിന്നിടുമ്പോള്‍ പമ്പയിലേക്ക് പൊലീസ് വിവരങ്ങള്‍ കൈമാറണമെന്നും തുടർന്ന് പമ്പയില്‍ ഡോളിയ്ക്കായുള്ള ക്രമീകരണങ്ങളും ഒരുക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നല്‍കി.
സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് തുടരുകയാണ്. രാവിലെ 9 വരെ 30000 ലധികം പേർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് തീർത്ഥാടകരുടെ എണ്ണം 5000 കടന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തീർത്ഥാടകരുടെ എണ്ണം 85,000 കടന്നിരുന്നു.
