ശബരിഗിരി ജലവൈദ്യുത സംഭരണികളിലെ ജലനിരപ്പ് താഴ്ന്ന് 34% ല്‍ എത്തി; അവശേഷിക്കുന്നത് ഒന്നരമാസം കൂടി വൈദ്യുതോല്‍പാദനം നടത്താനുള്ള വെള്ളം; കാലവർഷത്തിന് മുൻപേ വെള്ളം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിൽ വൈദ്യുതി ബോർഡ്

സീതത്തോട്: കൊടുംചൂടില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് വീണ്ടും താഴുന്നു.

നിലവില്‍ ജലനിരപ്പ് താഴ്ന്ന് 34%ല്‍ എത്തി.
ഈ വെള്ളം ഉപയോഗിച്ച്‌ ഒന്നരമാസം കൂടി വൈദ്യുതോല്‍പാദനം നടത്താനേ കഴിയൂ.

981.456 മീറ്റർ ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടില്‍ 957.34 മീറ്ററും 986.33 മീറ്റർ ശേഷിയുള്ള പമ്പയില്‍ 963.3 മീറ്ററുമാണ് ജലനിരപ്പ്. കഴിഞ്ഞവർഷം ഈ ദിവസം സംഭരണികളില്‍ 44% വെള്ളം ഉണ്ടായിരുന്നു.

കാലവർഷത്തിനു മുന്നോടിയായി സംഭരണികളിലെ വെള്ളം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് വൈദ്യുതി ബോർഡ്. പീക്ക് ലോഡ് ഒഴികെയുള്ള സമയത്തും വൈദ്യുതോല്‍പാദനം നടക്കുന്നുണ്ട്.

പദ്ധതിയില്‍ 2,4 നമ്പർ ഒഴികെയുള്ള എല്ലാ ജനറേറ്ററുകളും പൂർണ ലോഡിലാണ് പ്രവർത്തനം. രണ്ടാം നമ്പർ ജനറേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങള്‍ ജൂണ്‍ മാസത്തോടെ പൂർത്തിയാകും. നാലാം നമ്പ‍ർ ജനറേറ്ററില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം വരുന്ന ആഴ്ചയോടെ പുനരാരംഭിക്കും.

കക്കാട് പദ്ധതിയിലെ രണ്ട് ജനറേറ്ററുകളും പൂർണ ലോഡിലാണ് ഓടുന്നത്. കക്കാട്ടാറ്റിലെ ജലനിരപ്പിനെ ആശ്രയിച്ച്‌ പ്രവർത്തിക്കുന്ന പെരുനാട് പദ്ധതിയും സ്വകാര്യ പദ്ധതികളായ അള്ളുങ്കല്‍ ഇഡിസിഎല്ലും കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്‌ട്രിക് പദ്ധതിയും പൂർണതോതിലാണ് പ്രവർത്തിക്കുന്നത്.