Site icon Malayalam News Live

റഷ്യൻ മദ്യ കമ്പനിയുടെ ബിയര്‍ ക്യാനില്‍ ഗാന്ധിജിയുടെ പേരും ചിത്രവും; റഷ്യൻ പ്രസിഡന്‍റിന് കത്തയച്ച്‌ കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ

കോട്ടയം: റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനില്‍ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ.

മദ്യകമ്പനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും ഇന്ത്യൻ പ്രസിഡന്‍റിനും കത്തയച്ചു. ദേശീയ തലത്തില്‍ തന്നെ റഷ്യൻ കമ്പനിയുടെ നടപടിക്കെതിരെ വലിയ വിവാദമാണ് ഉയരുന്നത്.

റഷ്യൻ മദ്യ കമ്പനിയായ റിവോർട്ട് ബ്രൂവറിയാണ് മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും പതിപ്പിച്ച്‌ ബിയ‌ർ പുറത്തിറക്കിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ റഷ്യൻ കമ്പനിയുടെ നടപടി ചർച്ചയാവുകയാണ്.

ഒഡീഷ മുൻ മുഖ്യമന്ത്രി നന്ദിനി സത്പ്തിയുടെ ചെറുമകൻ സുപർണോ സത്പ്തി എകസില്‍ ബിയർ ക്യാനുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകള്‍ പ്രതിഷേധവുമായെത്തി. ഇതിനുപിന്നാലെയാണ് പാലാ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ പരാതിയുമായി രംഗത്തെത്തിയത്.

Exit mobile version