കോട്ടയം: ചോറ് തയ്യാറായി കഴിഞ്ഞാല്‍ കഞ്ഞിവെള്ളം അരിച്ചെടുത്ത് പുറത്തേയ്ക്ക് കളയാറാണോ പതിവ്? എന്നാല്‍ ഇനി മുതല്‍ അത് വേസ്റ്റായി കാണേണ്ട.
വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ, സിങ്ക്, മാംഗനീസ് എന്നിവയാല്‍ സമ്ബന്നമാണ്. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും ഇതിലുണ്ട്. മാത്രമല്ല, ശരീരത്തിന് ദിവസം മുഴുവൻ ആവശ്യമായ ഊർജം നല്‍കുകയും ചെയ്യും. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ആരോഗ്യം നിലനിർത്താൻ വിനിയോഗിക്കാം, പ്രത്യേകിച്ച് ശരീരഭാര നിയന്ത്രണത്തിന്.
കഞ്ഞിവെള്ളം ദാഹം ശമിപ്പിക്കുന്നതിനൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ആരോഗ്യത്തിനു മാത്രമല്ല ചർമ്മത്തിൻ്റെയും തലമുടിയുടെയും പരിചരണത്തിനും കഞ്ഞിവെള്ളം ഉപയോഗിക്കാം.
കുറഞ്ഞ കലോറി
കൊഴുപ്പ് കുറഞ്ഞ പാനീയമാണ് ശരീരഭാര നിയന്ത്രണത്തിന് ഉത്തമം. അത്തരത്തിലൊന്നാണ് കഞ്ഞിവെള്ളം. 100 മില്ലി കഞ്ഞിവെള്ളത്തില്‍ ഏദേശം 40 മുതല്‍ 50 കലോറി അടങ്ങിയിട്ടുണ്ട്.
ദഹനാരോഗ്യം
കഞ്ഞിവെള്ളത്തില്‍ അന്നജം അടങ്ങിയിട്ടുണ്ട്. അത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൊഴുപ്പ് അടിഞ്ഞു കൂടാതെ ശരീരഭാം നിയന്ത്രിക്കുന്നതിനും കഴിയും.
കുടലിൻ്റെ ആരോഗ്യം
കഞ്ഞിവെള്ളം കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യം വർധിപ്പിച്ച് പ്രതിരോധ ശേഷി കൂട്ടുന്നു. ഇതും ദഹനപ്രക്രിയയ്ക്ക് സഹായകരമാണ്.
വിശപ്പ് കുറയ്ക്കുന്നു
ഭക്ഷണ നിയന്ത്രണത്തിനും കഞ്ഞിവെള്ളം ഗുണപ്രദമാണ്. അത് വിശപ്പ് ശമിപ്പിച്ച് വയറു നിറഞ്ഞ സംതൃപ്തി നല്‍കും. ആരോഗ്യകരമായ അളവില്‍ കാർബോഹൈഡ്രേറ്റ് ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഊർജ്ജോത്പാദനവും മെച്ചപ്പെടും.
ദിവസവും 2 ഗ്ലാസ് വരെ കഞ്ഞിവെള്ളം കുടിക്കാം | ചിത്രം: ഫ്രീപിക്
ജലാംശം
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സമ്ബന്നമായ ഉറവിടമാണ് കഞ്ഞിവെള്ളം. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ഉപാപചയപ്രവർത്തനം വർധിപ്പിക്കും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഒരു ദിവസം 2 ഗ്ലാസ് വരെയൊക്കെ കഞ്ഞിവെള്ളം കുടിക്കാം. ആരോഗ്യപരമായി പ്രശ്നങ്ങള്‍ നേരിടുന്നവരും സ്ഥിരമായ മരുന്നുകള്‍ കഴിക്കുന്നവരും ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശം തേടിയതിനു ശേഷം മാത്രം ഭക്ഷണശീലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക.
