Site icon Malayalam News Live

അപകടസാധ്യത കൂടുതൽ; ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വിമാനകമ്പനികള്‍

ദുബായ്: വിമാനയാത്രയ്ക്കിടെ ബാറ്ററി അമിതമായി ചൂടാകുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതില്‍ പുതിയ നിയമങ്ങള്‍ ഏർപ്പെടുത്തി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികള്‍.

 

പ്രധാനമായും ലിഥിയം അയണ്‍ ബാറ്ററികള്‍ മൂലമുണ്ടാകുന്ന തീപിടിത്ത സംഭവങ്ങള്‍ വർധിച്ചതിനെ തുടർന്നാണ് നീക്കം.

 

ആശങ്ക ഉയർത്തി ലിഥിയം ബാറ്ററികള്‍

 

സമീപ മാസങ്ങളില്‍, ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട് രണ്ട് സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. മെല്‍ബണ്‍ വിമാനത്താവളത്തിലെ തീപിടിത്തമാണ് ഇതില്‍ ആദ്യത്തെ സംഭവം. ക്വാണ്ടാസ് ബിസിനസ് ലോഞ്ചില്‍ പവർ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് അധികൃതർക്ക് 150 യാത്രക്കാരെ ഒഴിപ്പിക്കേണ്ടിവന്നിരുന്നു. സംഭവത്തില്‍ പോക്കറ്റില്‍ വെച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച്‌ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതിനുപിന്നാലെ എയർ ചൈന വിമാനത്തിലും തീപിടുത്തം ഉണ്ടായിരുന്നു. ക്യാബിൻ ബാഗേജില്‍ സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററി കാരണം ഓവർഹെഡ് കമ്ബാർട്ടുമെന്റില്‍ തീപിടിത്തമുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തിയിരുന്നു.

 

അപകടസാധ്യതകള്‍ കണക്കിലെടുത്ത്, ചെക്ക്ഡ് ബാഗേജുകളില്‍ ബ്ലൂടൂത്ത് ഇയർഫോണുകള്‍ ഉള്‍പ്പെടെയുള്ള ചില ഉപകരണങ്ങള്‍ക്ക് മൂന്ന് എയർലൈനുകള്‍ അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചെക്ക്ഡ് ബാഗേജില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്വിച്ച്‌ ഓഫ് ചെയ്യണമെന്ന നിയമത്തിന് വിരുദ്ധമായി, ഈ ഉപകരണങ്ങള്‍ സജീവമായി തുടരാനുള്ള സാധ്യത കാരണമാണിത്.

എമിറേറ്റ്സ്: പവർ ബാങ്ക് ഉപയോഗത്തിന് നിരോധനം

യുഎഇയുടെ ഔദ്യോഗിക വിമാനകമ്ബനിയായ എമിറേറ്റ്സ്, 2025 ഒക്ടോബർ 1 മുതല്‍ വിമാനത്തിനുള്ളില്‍ പവർ ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിരുന്നു.

 

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുമ്ബോള്‍, യാത്രക്കാർ അതത് എയർലൈൻ വെബ്സൈറ്റുകള്‍ സന്ദർശിച്ച്‌ ആവശ്യമായ നടപടിക്രമങ്ങള്‍ മനസ്സിലാക്കിയിരിക്കണം.

 

മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍

 

ക്യാബിൻ ബാഗേജില്‍ പവർ ബാങ്കുകളും ഇ-സിഗരറ്റുകളും അനുവദനീയമാണെങ്കിലും, വിമാനത്തില്‍ അവ ഉപയോഗിക്കുന്നതിനും ചാർജ് ചെയ്യുന്നതിനും നിരോധനമുണ്ട്. ഉപകരണങ്ങള്‍ പൂർണ്ണമായി ഓഫ് ചെയ്തിരിക്കണം. മാക്ബുക്ക് പ്രോയുടെ ചില മോഡലുകളുടെ സുരക്ഷാ തിരിച്ചുവിളിച്ചത് കാരണം, ഇത്തിഹാദ് എയർവേയ്സ് ആപ്പിള്‍ മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്‍ ചെക്ക്ഡ് ബാഗേജില്‍ കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. തിരിച്ചുവിളിച്ച മോഡലുകള്‍ വിമാനത്തില്‍ ഓഫാക്കാനും ചാർജ് ചെയ്യാതിരിക്കാനും യാത്രക്കാർ ശ്രദ്ധിക്കണം.

 

ദുബൈ വിമാനത്താവളത്തിലെ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌, ലഗേജില്‍ പായ്ക്ക് ചെയ്യാവുന്ന പരമാവധി മൊബൈല്‍ ഫോണുകളുടെ എണ്ണം 15 ആണ്. ഇവ നിർമ്മാതാവിന്റെ പാക്കേജിംഗില്‍ (ഒരു വ്യക്തിഗത ഉപകരണം ഒഴികെ) ആയിരിക്കണം. ഡ്രോണ്‍ കൊണ്ടുപോകുമ്ബോള്‍ ബാറ്ററി നീക്കം ചെയ്യാവുന്നതായിരിക്കണം. 160Wh കവിയാത്ത രണ്ട് സ്പെയർ ബാറ്ററികള്‍ മാത്രമേ വ്യക്തിഗതമായി സംരക്ഷിച്ച്‌ ക്യാബിൻ ബാഗേജായി കൊണ്ടുപോകാൻ കഴിയൂ. ഡ്രോണ്‍ വിമാനത്താവള പരിസരത്തോ വിമാനത്തിനുള്ളിലോ പ്രവർത്തിപ്പിക്കാൻ പാടില്ല. അടുത്തിടെ ചില അന്താരാഷ്ട്ര വിമാനകമ്ബനികള്‍ ഇയർബഡ്സ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

ഈ നിയമങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള അന്താരാഷ്ട്ര വ്യോമയാന വ്യവസായത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. യാത്രക്കാർ വിമാനത്താവളത്തിന്റെയും വിമാനക്കമ്ബനിയുടെയും ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.

Exit mobile version