കൊച്ചി: ട്വന്റി 20യില്‍ നിന്ന് പ്രവർത്തകർ രാജിവച്ച് കോണ്‍ഗ്രസില്‍ ചേർന്നു. വടവുകോട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുൻ അംഗം ജിൻ മാവേലി, മഴുവന്നുർ ട്വന്റി 20 കോർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവരാണ് പാർട്ടി വിട്ടത്. മൂന്നു പേരും കോണ്‍ഗ്രസില്‍ ചേർന്നു.
നിരവധി പ്രവർത്തകർ വരും ദിവസങ്ങളില്‍ രാജിവയ്ക്കുമെന്നും, ഇതില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവർ ഉണ്ടാകുമെന്ന് റസീന പരീത് പറഞ്ഞു. ലോയല്‍റ്റി കാർഡിന്റെ മറവില്‍ ബിജെപിക്ക് വേണ്ടി ട്വന്റി 20 നേതൃത്വം സർവേ നടത്തി. ജാതിമത കാര്യങ്ങള്‍ ഇതില്‍ രേഖപ്പെടുത്തി എന്നും പാർട്ടി വിട്ടവർ കുറ്റപ്പെടുത്തി.
യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് സാബു എം ജേക്കബ് എൻഡിയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ട്വന്‍റി 20 പാര്‍ട്ടി റിക്രൂട്ടിങ് ഏജന്‍സിയായി മാറിയെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റസീന പരീദ്, ഐക്കരനാട് പഞ്ചായത്ത് മുൻ അഗം ജീൻ മാവേലി, ട്വന്‍റി20 മഴുവന്നൂര്‍ പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍ രെഞ്ചു പുളിഞ്ചോടൻ എന്നിവരാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്.
ആനുകൂല്യങ്ങള്‍ നല്‍കാൻ ലോയല്‍റ്റി കാർഡ് നല്‍കുമെന്ന് പറഞ്ഞ് സാബു എം ജേക്കബ് സര്‍വേ നടത്തി. സർവേ പേപ്പറില്‍ ജാതി, മതം എന്നിവ ഉള്‍പ്പെടുത്തി. ഏതെങ്കിലും പാർട്ടിയില്‍ ലയിക്കേണ്ടി വന്നാല്‍ ട്വന്‍റി 20 പിരിച്ചു വിടുമെന്നാണ് സാബു നേരത്തെ പറഞ്ഞത്. സർവേ നടത്തിയെന്നല്ലാതെ കാർഡ് ആർക്കും നല്‍കിയിട്ടില്ല. ബിജെപിയുമായി ചേര്‍ന്ന ട്വന്‍റി 20ക്കല്ല ജനം വോട്ട് ചെയ്തത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്.
സാബു എം ജേക്കബ് ബിജെപിയുമായി ചേർന്ന് വർഗീയത പരത്തുകയാണെന്ന് കോണ്‍ഗ്രസ് നേനതാവ് വി. പി സജീന്ദ്രൻ ആരോപിച്ചു. സാബു എം ജേക്കബിന്‍റെ ആ പരിപ്പ് ഇവിടെ വേവില്ല. കിറ്റ് കൊടുത്ത് പാവങ്ങളെ പറ്റിച്ചാണ് സാബു ഇത്രകാലം പിടിച്ചു നിന്നത്. തന്‍റെ ബിസിനസ് അവതാളത്തിലായപ്പോള്‍ സാബു ബിജെപിലേക്ക് ചാടി.
വരും ദിവസങ്ങളില്‍ സാബുവിന്‍റെ കാലിനടിയിലെ മണ്ണ് ഒളിച്ചു പോകുന്നത് കാണാം. സാബു ഇനി കമ്പനി തൊഴിലാളികളെ വെച്ച് ശക്തി പ്രകടനം നടത്തേണ്ടി വരും. ട്വന്‍റി 20യില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങള്‍ കിട്ടുന്നവർ മാത്രമേ അവിടെ നില്‍ക്കുവെന്നും ബാക്കിയുള്ള ജനാധിപത്യ വിശ്വാസികള്‍ എല്ലാം മാറുമെന്നും കുന്നത് നാട് മണ്ഡലത്തില്‍ ജാതിയും മതവും തിരിച്ചു ട്വന്‍റി 20 സർവ്വേ നടത്തിയെന്നും അതിന്‍റെ ഫലം ബിജെപിക്ക് വിറ്റുവെന്നും വിപി സജീന്ദ്രൻ ആരോപിച്ചു.
