Site icon Malayalam News Live

ക്രിസ്‌തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പൊതുജനങ്ങള്‍ക്ക് നേരിയ ആശ്വാസം; റേഷൻ വിതരണത്തിനായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ 185. കോടി രൂപ അനുവദിച്ചു.

 

തിരുവനന്തപുരം : ക്രിസ്‌തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സപ്ളൈകോയില്‍ സബ്സിഡി സാധനങ്ങളെത്തിയില്ലെന്ന പരാതി ഉയരുന്നതിനിടെ ആശ്വാസമായി സര്‍ക്കാരിന്റെ ഇടപെടല്‍. റേഷൻ സാധനങ്ങള്‍ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഒൻപത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ബഡ്ജറ്റില്‍ നീക്കിവച്ച തുക മുഴുവനും കോര്‍പ്പറേഷന് നല്‍കാൻ തീരുമാനിക്കുകയായിരുന്നു.

ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.അതേസമയം, സപ്ളൈ‌കോ ഔട്ട്‌ലെറ്റുകളില്‍ അല്ല, മറിച്ച്‌ ജില്ലാ കേന്ദ്രത്തില്‍ 21 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ ഫെയറില്‍ മാത്രം സബ്സിഡി സാധനങ്ങളെത്തുമെന്നാണ് ഉദ്യോസ്ഥര്‍ പറയുന്നത്. ഓണത്തിന് മുൻപേ തുടങ്ങിയ ക്ഷാമം ക്രിസ്മസ് കാലത്തും തുടരുന്നത് സാധാരണക്കാരന് ഇരട്ടി പ്രഹരമാകുന്നു. ഉപഭോക്താക്കള്‍ സപ്ലൈകോ സ്റ്റോറുകളിലെത്തി നിരാശരായി മടങ്ങുകയാണ്. ചിലിയിടങ്ങളില്‍ വാക്കേറ്റവും പതിവാണ്.

സ്റ്റോക്ക് എന്ന് വരുമെന്ന ചോദ്യത്തിന് ജീവനക്കാരും കൈമലര്‍ത്തുകയാണ്. വിലക്കുറവില്‍ ലഭിക്കേണ്ട സാധനങ്ങള്‍ക്ക് പോലും ഇരട്ടിയിലേറെ വില നല്‍കി സ്വകാര്യ വില്പന സ്ഥാപനങ്ങളെയും സൂപ്പര്‍ മാര്‍ക്കറ്റുകളെയും മറ്റും ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ് ജനം. അരലിറ്റര്‍ വെളിച്ചെണ്ണ പായ്ക്കറ്റില്ലാത്തതിനാല്‍ ക്രിസ്മസ് ഫെയറില്‍ 141 രൂപയ്ക്ക് ഒരു ലിറ്റര്‍ എണ്ണയാകും വില്‍ക്കുക. ഇതില്‍ അര ലിറ്ററിന്റെ പണം സബ്സിഡിയാണ്. സബ്‌സിഡി ഉത്പന്നങ്ങളായ പഞ്ചസാര, വൻപയര്‍, കടല, ഉഴുന്ന്, പരിപ്പ്, വറ്റല്‍ മുളക്, ചുവന്നുള്ളി, പച്ചരി, ആട്ട തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ഒന്നും സപ്ലൈകോയില്‍ ഇല്ല. ചെറുപയറും പരിപ്പും മാത്രമാണ് ചില സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഉള്ളത്.

 

 

Exit mobile version