Site icon Malayalam News Live

‘മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, അപകടം പറ്റിയ യുവാവിനെ ആശുപത്രിയിലാക്കാൻ വേണ്ടതെല്ലാം ചെയ്തു’: അപകടത്തെ കുറിച്ച് പ്രതികരണവുമായി റെജി ചെറിയാൻ

ആലപ്പുഴ : കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഉണ്ടായ അപകട വാര്‍ത്തയില്‍ പ്രതികരണവുമായി കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. താൻ മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്ന് റെജി ചെറിയാന്‍ വ്യക്തമാക്കി. ചമ്പക്കുളം വളളംകളി കഴിഞ്ഞ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായതെന്നും അപകടം പറ്റിയ യുവാവിനെ ആശുപത്രിയിലാക്കാന്‍ വേണ്ടതെല്ലാം താന്‍ ചെയ്‌തെന്നും എംഎല്‍എ പറഞ്ഞു. പൊലീസ് എത്തി ഡ്രൈവറെ അവിടെ നിര്‍ത്തിയതിന് ശേഷമാണ് ഞാന്‍ സംഭവസ്ഥലത്തുനിന്നും പോയത്. എനിക്കെതിരെ നടന്നത് രാഷ്ട്രീയമായ ദുരാരോപണമാണ്. ആരോപണം ഉന്നയിച്ചവര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു’ എന്നും റെജി ചെറിയാന്‍ പറഞ്ഞു.

താന്‍ മദ്യപിച്ചു എന്ന നിലയില്‍ വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ അത് തിരുത്തണമെന്നും റെജി ചെറിയാന്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. നെടുമുടി ആശാരി പറമ്പില്‍ സുനീഷിനാണ്(22) പരിക്കേറ്റത്. എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. എതിര്‍ ദിശയില്‍ വന്ന ബൈക്കും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാവിനെ ചമ്പക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായ പരിക്കായതിനാല്‍ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Exit mobile version