Site icon Malayalam News Live

എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് എത്താൻ ദിവസങ്ങള്‍; വെട്ടിമാറ്റും മുൻപേ കാണാൻ ജനത്തിരക്ക്; നഗരത്തിലെവിടേയും സീറ്റില്ല

തിരുവനന്തപുരം: മോഹൻലാല്‍-പൃഥ്വിരാജ് സിനിമ എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തും.

ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും.

ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന് വ്യക്തമല്ല. സിനിമയില്‍ ഭേദഗതി വരുത്തിയാല്‍ വീണ്ടും സെൻസർ ബോർഡ് കാണണം എന്നാണു ചട്ടം. അതിനാല്‍ നടപടിക്രമം പൂർത്തിയാക്കി സിനിമയുടെ പരിഷ്കരിച്ച പതിപ്പ് തിയറ്ററില്‍ എത്താൻ വ്യാഴാഴ്ച എങ്കിലും ആകും.

അതേസമയം, റീ എഡിറ്റിംഗിന് മുൻപ് ചിത്രം കാണാൻ വൻ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും പ്രധാന നഗരങ്ങളില്‍ സീറ്റില്ലെന്നാണ് റിപ്പോർട്ട്.

ഇന്നലെ മുഖ്യമന്ത്രിയും കുടുംബവും ചിത്രം കാണാനെത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ പിന്തുണച്ച്‌ എത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

Exit mobile version