Site icon Malayalam News Live

സീറോ ബാലൻസ്‌ അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സൗജന്യ സേവനങ്ങള്‍; ജനുവരി ഒന്നുമുതല്‍ ബാങ്കിങ് മേഖലയിലെ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ രാജ്യത്തെ ബാങ്കിംഗ് രംഗത്ത് വിവിധ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍, വായ്പകളുടെ വ്യവസ്ഥകള്‍, സീറോ ബാലൻസ് അക്കൗണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്.

ബാങ്കുകള്‍ ട്രാൻസാക്ഷണല്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുൻപ് ഇനി മുതല്‍ ആർബിഐയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. കൂടാതെ, ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി ഉപഭോക്താക്കളുടെ വ്യക്തവും രേഖാമൂലമുള്ളതുമായ സമ്മതം ബാങ്കുകള്‍ തേടിയിരിക്കണം. സേവനങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും, ചാർജുകള്‍, പരാതി പരിഹാര മാർഗങ്ങള്‍ എന്നിവ ലളിതവും വ്യക്തവുമായ ഭാഷയില്‍ ഉപഭോക്താക്കളെ അറിയിക്കണം.

എല്ലാ അക്കൗണ്ട് ഇടപാടുകള്‍ക്കും എസ്‌എംഎസ് അല്ലെങ്കില്‍ ഇമെയില്‍ അലർട്ടുകള്‍ നിർബന്ധമാക്കിയിട്ടുണ്ട്. വായ്പാ രംഗത്ത്, ഫ്‌ലോട്ടിംഗ് പലിശ നിരക്കുകളുള്ള വ്യക്തിഗത വായ്പകള്‍ക്ക് പ്രീ-പേയ്മെന്റ് ചാർജുകള്‍ ഈടാക്കുന്നത് ബാങ്കുകള്‍ക്കും എൻബിഎഫ്സികള്‍ക്കും നിരോധിച്ചു. സീറോ ബാലൻസ് അക്കൗണ്ടുകള്‍ എന്നറിയപ്പെടുന്ന അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സൗജന്യ സേവനങ്ങള്‍ ലഭിക്കും.

 

പരിധിയില്ലാത്ത പണ നിക്ഷേപം, സൗജന്യ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, ഇന്റർനെറ്റ്-മൊബൈല്‍ ബാങ്കിംഗ്, സൗജന്യ പാസ്ബുക്ക്/പ്രതിമാസ സ്റ്റേറ്റ്‌മെന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രതിമാസം കുറഞ്ഞത് നാല് സൗജന്യ പണം പിൻവലിക്കലുകള്‍ അനുവദിക്കണം, എന്നാല്‍ യുപിഐ, നെഫ്റ്റ്, ആർടിജിഎസ്, ഐഎംപിഎസ്, പിഒഎസ് ഇടപാടുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെടില്ല. എടിഎം കാർഡ്, ചെക്ക് ബുക്ക്, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ ഉപഭോക്താക്കളെ നിർബന്ധിച്ച്‌ എടുപ്പിക്കാൻ പാടില്ല എന്നും പുതിയ മാർഗനിർദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

Exit mobile version