Site icon Malayalam News Live

ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം; നിർദേശത്തെ തുടർന്ന് ബുധനാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്‍റെ അന്ത്യശാസനം. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്ന് കേന്ദ്രം അറിയിച്ചു.

നിർദേശത്തിനു പിന്നാലെ മസ്റ്ററിങ്ങിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും. റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സെർവർ തകരാർ മൂലം നിർത്തിവെക്കുകയായിരുന്നു.

റേഷൻ വിതരണവും മസ്റ്ററിങ്ങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്.

എന്നാൽ, ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകി. റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ അറിയിച്ചു.

ഇതിന് പിന്നാലെയാണ് മറ്റന്നാൾ മുതൽ മസ്റ്ററിങ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിങ്. റേഷൻ കടകൾക്ക് പുറമേ അംഗണവാടികൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്.

റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Exit mobile version