Site icon Malayalam News Live

പാഴ്സികള്‍ മൃതദേഹം മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ ഇല്ല; കഴുകന്മാര്‍ പോലുള്ള ശവംതീനികള്‍ക്ക് കാഴ്ചവെക്കും; രത്തൻ ടാറ്റയുടെ സംസ്‌കാരം ഇങ്ങനെ…

ഡല്‍ഹി: നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ (86) യുടെ വേർപാടിന്റെ ദുഃഖത്തിലാണ് രാജ്യം മുഴുവൻ. ടാറ്റ സണ്‍സ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച്‌ ടാറ്റ സണ്‍സില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അന്നു തന്നെ വെന്റിലേറ്ററിലാക്കി.

രത്തൻ ടാറ്റയുടെ ഭൗതിക ശരീരം വസതിയില്‍ നിന്ന് വിലാപയാത്രയായി നാഷണല്‍ സെന്റർ ഫോർ പെർഫോർമിംഗ് ആർട്സിലേക്ക് എത്തിച്ചതിനുശേഷം വൈകിട്ട് നാല് മണിവരെ പൊതുദർശനത്തിന് വയ്ക്കും. ശേഷം നാല് മണിയോടെ വോർളിയിലെ പാർസി ശ്മശാനത്തില്‍ എത്തിക്കും. ഇരുന്നൂറോളം പേർക്കിരിക്കാവുന്ന പ്രാർത്ഥനാ ഹാളില്‍ മൃതദേഹം സൂക്ഷിക്കും. 45 മിനിറ്റോളം ഇവിടെ പ്രാർത്ഥനയുണ്ടായിരിക്കും. തുടർന്ന് സംസ്‌കാരം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

1937ല്‍ ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവല്‍ ടാറ്റയുടെ മകനായി പാഴ്‌സി കുടുംബത്തിലാണ് രത്തൻ ടാറ്റ ജനിച്ചത്. മറ്റ് മത സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആചാരങ്ങള്‍ പാലിക്കുന്നവരാണ് പാഴ്‌സികള്‍. മരണാനന്തര ചടങ്ങുകളിലും അവർ ഈ വ്യത്യസ്തത പുലർത്തുന്നു.

‘സൊറോസ്ട്രിയനിസം’ എന്ന മതവിശ്വാസം പിന്തുടരുന്നവരാണ് പാഴ്സികള്‍. പുരാതന പേർഷ്യയില്‍ നിന്ന് ഉത്ഭവിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഏകദൈവ മതങ്ങളില്‍ ഒന്നാണ് സൊറോസ്ട്രിയനിസം. അതില്‍ ഏകദൈവവിശ്വാസവും ദ്വൈതവാദവും അടങ്ങിയിരിക്കുന്നു, യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുടെ വിശ്വാസ സമ്ബ്രദായങ്ങളെ സൊറോസ്ട്രിയനിസം സ്വാധീനിച്ചതായി പല പണ്ഡിതന്മാരും വിശ്വസിക്കുന്നു.

‘ദോഖ്‌മെനാഷിനി’ അഥവാ ‘ടവർ ഒഫ് സൈലൻസ്’ എന്നറിയപ്പെടുന്ന ശവസംസ്‌കാര രീതികളാണ് പാഴ്സികള്‍ അവലംബിക്കുന്നത്. ഈ രീതി പ്രകാരം മൃതദേഹം പരമ്ബരാഗത രീതിയില്‍ മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ ഇല്ല. മറിച്ച്‌ ഭൗതികശരീരം ദാഖ്‌മ (ടവർ ഒഫ് സൈലൻസ്) എന്നറിയപ്പെടുന്ന ഒരു നിർമിതിക്ക് മുകളിലായി കിടത്തും. ഇത്തരത്തില്‍ മൃതദേഹം കഴുകന്മാർ പോലുള്ള ശവംതീനികള്‍ക്ക് കാഴ്‌ചവയ്ക്കുകയാണ് ചെയ്യുന്നത്. അഗ്നിയും ഭൂമിയും വിശുദ്ധമായ ഘടകങ്ങളാണെന്നും അവ മൃതദേഹങ്ങളാല്‍ മലിനമാക്കരുതെന്നുമാണ് സൊറോസ്ട്രിയനിസത്തില്‍ വിശ്വസിക്കുന്നത്.

ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം മൃതദേഹം ശുദ്ധീകരിക്കും. തുടർന്ന് ‘നാസെസലാറുകള്‍’ എന്നറിയപ്പെടുന്നവർ മൃതദേഹം ചുമന്ന് ദാഖ്‌മയില്‍ എത്തിക്കും. മൃതദേഹം കഴുകന്മാ‌ർ ഭക്ഷിച്ചശേഷം ബാക്കിയാവുന്ന എല്ലുകള്‍ ദാഖ്‌മയ്ക്കുള്ളിലെ കിണറില്‍ വീഴും. കഴുകന്മാർ പോലുള്ള പക്ഷികളില്ലാത്ത നഗരപ്രദേശങ്ങളില്‍ മൃതദേഹം പെട്ടെന്ന് അഴുകാൻ സഹായിക്കുന്ന സോളാർ കോണ്‍സൻട്രേറ്റർ പോലുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കും.

ശരീരത്തെ കഴുകന്മാർ ഭക്ഷിക്കാൻ അനുവദിക്കുന്നത് വ്യക്തിയുടെ അന്തിമ ജീവകാരുണ്യ പ്രവർത്തനമായി പാഴ്‌സികള്‍ കണക്കാക്കുന്നു. ഭൂമിയുടെയും അഗ്നിയുടെയും ജലത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുന്ന വിധത്തില്‍ പ്രകൃതിയെ അതിന്റെ ഗതി സ്വീകരിക്കാൻ അനുവദിച്ചുകൊണ്ട്, പ്രകൃതിയോടുള്ള സൊറോസ്ട്രിയൻ ആദരവും മരണശേഷവും പരിശുദ്ധി നിലനിർത്താനുള്ള വിശ്വാസവും ഈ ആചാരം പ്രതിഫലിപ്പിക്കുന്നു.

മരണം ഭൗതിക ശരീരത്തിന്റെ മലിനീകരണമാണെന്നാണ് പാഴ്സികള്‍ വിശ്വസിക്കുന്നത്. ഈ രീതി ഇപ്പോഴും പരമ്ബരാഗത പാഴ്സികള്‍ പിന്തുടരുന്നുണ്ടെങ്കിലും പ്രായോഗികവും പാരിസ്ഥിതികവുമായ വെല്ലുവിളികള്‍ കാരണം ചില കുടുംബങ്ങള്‍ ഇപ്പോള്‍ ശവസംസ്കാരം തിരഞ്ഞെടുക്കുന്നുണ്ട്. 1990ന് ശേഷം, കഴുകന്മാരുടെ എണ്ണത്തില്‍ കുറവുണ്ടായതും പലരും ഇലക്‌ട്രിക് ക്രമറ്റോറിയം ഉപയോഗിക്കുന്നതിന് കാരണമായി.

Exit mobile version