Site icon Malayalam News Live

ഭിക്ഷ യാചിച്ച്‌ വീട്ടിലെത്തിയ വൃദ്ധയ്ക്ക് 20 രൂപ വാഗ്ദാനം ചെയ്തു; വീട്ടിനുള്ളില്‍ കയറ്റി പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമം; പോലീസുകാരനടക്കം പിടിയില്‍

തിരുവനന്തപുരം: ഭിക്ഷ യാചിച്ച്‌ വീട്ടിലെത്തിയ വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമം.

വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസുകാരൻ ഉള്‍പ്പെടെ 2 പേർ പിടിയിലായി. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയില്‍ ആയത്.

കാട്ടാക്കട പൂവച്ചലില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.
ഭിക്ഷ തേടിയെത്തിയ വയോധികയെ 20 രൂപ നല്‍കാമെന്ന് പറഞ്ഞാണ് വീട്ടിനുള്ളിലേക്ക് കയറ്റിയത്. പിന്നാലെ മുറി പൂട്ടി.

കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളില്‍ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

തിരുവനന്തപുരം സ്വദേശിനിയാണ് 82 കാരിയായ വയോധിക. വീടുകള്‍ തോറും ഭിക്ഷ യാചിച്ചാണ് ഇവർ കഴിയുന്നത്.
ഇവരുടെ മൊഴിയിലാണ് കേസെടുക്കുക. വൈദ്യ പരിശോധനക്ക് ശേഷം ഇവരെ പൊലീസ് വീട്ടിലാക്കി. പ്രതികളുടെ അറസ്റ്റ് നടപടികള്‍ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version