Site icon Malayalam News Live

കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്‍; പ്രതിയെ കുടുക്കിയത് സിസി ടിവി ദൃശ്യങ്ങള്‍

കൊല്ലം: കൊല്ലം കൊട്ടിയത്ത് കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍.

കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. കൈയും കാലും ഭാഗികമായി ഇല്ലാത്ത 75കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.

സമീപത്തെ സിസി ടിവിയില്‍ നിന്ന് വൃദ്ധയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് മനസിലാകുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വൃദ്ധയുടെ അടുത്തെത്തിയ പ്രതി ഇവരുടെ വസ്ത്രം മാറ്റാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഉറക്കമുണര്‍ന്ന വൃദ്ധ എണീക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പലവട്ടം തലയ്ക്കടിച്ച്‌ വീഴ്ത്തി.

അവശയായ വൃദ്ധയെ യുവാവ് എടുത്തു കൊണ്ടുപോകുകയായിരുന്നു. അടുത്ത ദിവസം രാവിലെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജംഗ്ഷന് സമീപം വിജനമായ സ്ഥലത്ത് അര്‍ദ്ധ നഗ്നയായ നിലയില്‍ രക്തത്തില്‍ കുളിച്ച്‌ ഇവരെ കണ്ടെത്തുകയായിരുന്നു.

പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിക്കുകയായിരുന്നു. മകള്‍ എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

Exit mobile version