കൊച്ചി: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലില്‍ തുടരും.
രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ചയായിരിക്കും പരിഗണിക്കുക.
കൊച്ചിയിലെ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും പ്രൊഡക്ഷൻ വാറണ്ട് തയ്യാറാകാത്തതിനാല്‍ ശനിയാഴ്‌ചത്തേയ്ക്ക് മാറ്റുകയായിരുന്നു. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത രഞ്ജിത്തിനെ നിലവില്‍ എറണാകുളം സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
രാവിലെ നോർത്ത് വനിതാ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്.
നാളെയും മറ്റെന്നാളും കോടതി അവധി ആയതിനാലാണ് അപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്‌ചയിലേയ്ക്ക് മാറ്റിയത്. അന്ന് പൊലീസ്, കസ്റ്റഡി അപേക്ഷ നല്‍കുമെന്നും വിവരമുണ്ട്.
