കോഴിക്കോട്: രണ്ടാമൂഴം സിനിമായാക്കാൻ എംടി വാസുദേവൻ നായർ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ.
അതിന് കഴിയാത്തതില്‍ എംടിക്ക് നിരാശയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ എംടിയുടെ വസതിയിലെത്തിയപ്പോള്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ.
സിനിമയുടെ മുടക്ക് മുതല്‍ വൻ പ്രതിസന്ധിയായി. ആയിരം കോടിയിലേറെ ചെലവ് വരുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു അത്. രണ്ടാമൂഴം സിനിമയാകാത്തതില്‍ തനിക്ക് വിഷമവും കുറ്റബോധവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാമൂഴം സിനിമയാക്കാൻ തനിക്ക് ഇനി കഴിയില്ലെന്നും അതിന് യോഗമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
‘വളരെ കഴിവുള്ള എത്രയോ സംവിധായക നമുക്കിടയിലുണ്ട്. ഇനി അതൊരു സിനിമയായി മാറുകയെന്നത് എംടിയുടെ കാലശേഷം അദ്ദേഹത്തിന് നല്‍കാനാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയായിരിക്കും.
രണ്ടാമൂഴം നല്ലൊരു കലാസൃഷ്ടിയായി കാണാൻ ആഗ്രഹിക്കുന്നു. കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചത് അത്തരം ഒരു ധാരണയിലാണ്’,- സംവിധായകൻ വ്യക്തമാക്കി.
