Site icon Malayalam News Live

ഉഷ്‌ണതരംഗത്തിൽ വെന്തുരുകുന്ന സംസ്ഥാനങ്ങൾക്ക് ആശ്വാസം; വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് പ്രവചനം

കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും ആശ്വാസമായി വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് പ്രവചനം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് മെയ് മാസത്തിന്റെ തുടക്കത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലോടു കൂടിയ ആലിപ്പഴ വർഷവും ഉണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റിന്റെയും സ്വാധീനം മൂലം അന്തരീക്ഷത്തിൽ മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി എന്നിവിടങ്ങളിൽ മഴ ലഭ്യമായിരുന്നു. പശ്ചിമ ബംഗാളിലും സിക്കിമിലും ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ മേഖലയിലും ചിലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴം വീഴാൻ സാധ്യതയുള്ളതിനാൽ കർഷകർക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ മാറ്റം മൂലം താപനിലയിൽ 3 മുതൽ 5 ഡിഗ്രി വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും വേനൽമഴ സജീവമാകാൻ സാധ്യതയുണ്ട്. കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Exit mobile version