ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി കേരളത്തിൽ മഴ എത്തുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സീസണിലെ മെച്ചപ്പെട്ട മഴ വരും ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാൾ മുതൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി. നാല് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ശക്തമായി തന്നെ വേനൽമഴ പ്രതീക്ഷിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വേനൽചൂട് കടുക്കുകയാണ്. ഇന്നും താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട് ജില്ലയിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസുമാണ്. പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയുമാണ്. കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസുമാണ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
