Site icon Malayalam News Live

ആവശ്യത്തിന് യാത്രക്കാരില്ല; ചെന്നൈ സെൻട്രലില്‍ നിന്ന് കോട്ടയത്തേക്ക് അനുവദിച്ച സ്പെഷല്‍ സർവീസ് റദ്ദാക്കിയതായി റെയില്‍വേ

കോട്ടയം: ദീപാവലിത്തിരക്ക് പരിഗണിച്ച്‌ ചെന്നൈ സെൻട്രലില്‍ നിന്ന് കോട്ടയത്തേക്ക് അനുവദിച്ച സ്പെഷല്‍ സർവീസ് റദ്ദാക്കിയതായി റെയില്‍വേ.

ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് കാരണമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ഒക്ടോബർ 22 ബുധനാഴ്ച നടത്താനിരുന്ന സർവീസാണ് റദ്ദാക്കിയത്.

സ്പെഷല്‍ ട്രെയിനിന്റെ (06121) ചെന്നൈയില്‍ നിന്നും കോട്ടയത്തേക്കും, തിരിച്ച്‌ കോട്ടയത്തുനിന്ന് (06122) ഒക്ടോബർ 23-നുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്.

നവരാത്രിയും ദീപാവലിയും പരിഗണിച്ച്‌ ചെന്നൈ സെൻട്രലില്‍നിന്ന് മധുര വഴി ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടിയാണ് പിന്നീട് കോട്ടയത്തേക്ക് നീട്ടിയത്.

ഒക്ടോബർ 1, 8, 15, 22 തീയതികളിലായിരുന്നു കോട്ടയത്തേക്ക് സർവീസ് നിശ്ചയിച്ചിരുന്നത്. പുനലൂർ, കൊട്ടാരക്കര, കൊല്ലം, ചെങ്ങന്നൂർ വഴിയായിരുന്നു സർവീസ്.

എസി ത്രീ ടിയർ ഇക്കോണമി കോച്ചുകള്‍ മാത്രമുള്ള വണ്ടിയുടെ ഒക്ടോബർ ഒന്നിന്റെ സർവീസില്‍ നിറയെ ആളുണ്ടായിരുന്നെങ്കിലും പിന്നീടുള്ള സർവീസുകളില്‍ പല ബെർത്തുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Exit mobile version