Site icon Malayalam News Live

നേമം-കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു; ഇനി തിരുവനന്തപുരം നോര്‍ത്തും സൗത്തും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു.

കൊച്ചുവേളി ഇനി മുതല്‍ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. സംസ്ഥാന സർക്കാറിൻ്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.

തിരുവനന്തപുരം സെൻട്രല്‍ കേന്ദ്രീകരിച്ച്‌ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.

കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല.

നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒൻപത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രല്‍ സ്റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകള്‍ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതല്‍ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു.

Exit mobile version