Site icon Malayalam News Live

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

 

പാലക്കാട്: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ റിമാൻഡില്‍. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റിമാൻഡിലായ രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.

 

ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 11.30യ്ക്കാണ് രാഹുലിനെ എആർ ക്യാമ്ബില്‍ നിന്ന് പുറത്തെത്തിച്ച്‌ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്. രാഹുലിനെ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് ജനറല്‍ ആശുപത്രിക്ക് മുന്നിലുണ്ടായത്. എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, ബിജെപി പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.

 

നിരവധി പ്രവർത്തകരാണ് ആശുപത്രിക്ക് മുന്നിലേക്ക് ഇരച്ചെത്തിയത്. രാഹുല്‍ രാജിവയ്ക്കണമെന്ന് ഇരു സംഘടനാ പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. കൂക്കുവിളിയോടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അകത്തുകയറ്റിയ രാഹുലിനെ കനത്ത പ്രതിഷേധത്തെ തുടർന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസിന് പുറത്തിറക്കാനായത്. ആശുപത്രിയുടെ രണ്ട് കവാടങ്ങളിലും വലിയ പ്രതിഷേധം അലയടിച്ചതോടെ രാഹുലിനെ പുറത്തിറക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു.

 

അതേസമയം, പരാതിയിലെ ആരോപണങ്ങളെല്ലാം ചോദ്യം ചെയ്യലില്‍ രാഹുല്‍ നിഷേധിച്ചു. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കാതിരുന്ന രാഹുല്‍, എല്ലാം വക്കീല്‍ പറയും എന്ന് മാത്രമാണ് മറുപടി നല്‍കിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പീഡനമല്ലെന്നും രാഹുല്‍ അവകാശപ്പെട്ടു.

 

ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഗർഭിണിയാക്കിയ ശേഷം നിർബന്ധിത ഗർഭഛിദ്രവും സാമ്ബത്തിക ചൂഷണവും നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിലാണ് പൊലീസ് സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാമ്ബിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

ആദ്യ രണ്ട് കേസുകളില്‍ മുൻകൂർ ജാമ്യം നേടിയ രാഹുലിനെതിരെ ഇ-മെയില്‍ വഴി ലഭിച്ച പുതിയ പരാതിയില്‍ വളരെ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം. ആദ്യ കേസില്‍ പൊലീസിനെ വെട്ടിച്ച്‌ ഒളിവില്‍ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസിലെ നടപടി. മുൻകൂർ ജാമ്യത്തിന് അവസരം നല്‍കാതെയാണ് അർധരാത്രി മൂന്ന് വാഹനങ്ങളിലെത്തിയ എട്ട് പേരടങ്ങുന്ന പൊലീസ് സംഘം രാഹുലിനെ വലയിലാക്കിയത്. ഹോട്ടലിലെ റൂം നമ്പർ 2002ലാണ് രാഹുല്‍ കഴിഞ്ഞിരുന്നത്.

 

Exit mobile version