ഗോഹട്ടി: ഗോഹട്ടിയില്‍ ന്യായ് യാത്രയ്ക്ക് സർക്കാർ വിവിധ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. പോലീസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ പൊളിച്ചു നീക്കിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
ഇതോടെ പോലീസ് ലാത്തി വീശി. ആസാം പിസിസി അധ്യക്ഷൻ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാഹുല്‍ ബസിനുമുകളില്‍ കയറി സംഭവങ്ങള്‍ വീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ആസാമിലെ നാഗോണിലുള്ള ബട്ടദ്രവ ക്ഷേത്രം സന്ദർശിക്കാനെത്തിയ രാഹുലിനെ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് രാഹുലും പ്രവർത്തകരും നിലത്ത് കുത്തിയിരുന്ന് ഏറെനേരം പ്രതിഷേധിച്ചു. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി.
അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയില്‍ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അടുത്ത തിങ്കളാഴ്ച ബിഹാറിലേക്ക് കടക്കുന്ന യാത്ര പുർനിയയില്‍ എത്തുന്പോള്‍ ബിഹാർ മുഖ്യമന്ത്രി യാത്രയുടെ ഭാഗമാകും. മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്തെ നാല് ജില്ലകളിലൂടെ സഞ്ചരിക്കുന്ന യാത്രയോടനുബന്ധിച്ചുള്ള പൊതുയോഗങ്ങളില്‍ പ്രതിപക്ഷ കൂട്ടായ്മയായ “ഇന്ത്യ’യുടെ നിരവധി നേതാക്കള്‍ പങ്കെടുക്കും.
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെയും പൊതുയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പുർനിയയിലോ പിറ്റേദിവസം കയ്താർ ജില്ലയിലോ നടത്തുന്ന പൊതുയോഗത്തില്‍ അദ്ദേഹം സഹകരിക്കും. തേജസ്വി യാദവും രാഹുലിന്‍റെ യാത്രയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
