Site icon Malayalam News Live

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്; ആക്രമിക്കപ്പെട്ടത് പ്ലസ് വൺ വിദ്യാർത്ഥി

തിരുവനന്തപുരം : തലസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. നഗരൂര്‍ കൊടുവഴന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ദൃശ്യത്തിലുള്ളത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്.

പ്ലസ് ടു വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കാല് കൊണ്ട് ലോക്ക് ഇട്ട് മുറുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ശ്വാസം മുട്ടി കുട്ടി പിടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാട്സ് ആപ്പ് ഗ്രൂപ്പിനെ ചൊല്ലിയായിരുന്നു ആക്രമണം. പ്ലസ് വണ്‍ അഡ്മിഷന്‍ കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്. പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു വാട്‌സ് ആപ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുമായി നിരന്തരം വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പിന്നാലെ ഇന്നലെ വൈകീട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഇങ്ങനെ കൊണ്ട് പോകുന്നത് മുതലുള്ള ദൃശ്യങ്ങള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് ക്രൂരമായ ആക്രമണം നടന്നത്. ആക്രമണം നടത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ ആക്രമിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെ കൈയ്യില്‍ എത്തിയതോടെയാണ് സംഭവം പുറത്തു വന്നത്.

ഇന്നലെ രാത്രി തന്നെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ നഗരൂര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വാക്കു തര്‍ക്കം ഉണ്ടായത് അറിഞ്ഞെന്നും അടുത്ത പിടിഎ വിഷയം പരിഗണിക്കാനിരിക്കുകയാണെന്നും മാത്രമായിരുന്നു വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം.

Exit mobile version