Site icon Malayalam News Live

പാർട്ടിക്ക് തലവേദന: അധികാരമേറ്റ് ദിവസങ്ങൾക്കകം വിവാദം; ശ്രീലേഖയുടെ പ്രവൃത്തികളിൽ ബിജെപിയിൽ അതൃപ്തി

തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലം വാർഡിൽ നിന്നും ജയിച്ച കൗൺസിലർ ആർ ശ്രീലേഖയുടെ പ്രവൃത്തികളിൽ പാർട്ടിക്കുള്ളിൽ അതൃപ്തി നിറയുകയാണ്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തില്‍ ഇടപെടേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. പാര്‍ട്ടിയോട് ആലോചിക്കാതെ വിവാദമുണ്ടാക്കിയെന്ന വിമര്‍ശനവും ഉയരുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരമേറ്റ് രണ്ടാം ദിവസം തന്നെ ബിജെപിക്ക് തലവേദനയുണ്ടാക്കുന്നതായിരുന്നു ആര്‍ ശ്രീലേഖയുടെ പ്രവര്‍ത്തികള്‍.

വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട സംഭവത്തിൽ കോര്‍പ്പറേഷനും വെട്ടിലായിരിക്കുകയാണ്. കേരളത്തിൽ ആദ്യമായി ബിജെപിക്ക് കോർപ്പറേഷൻ ഭരണം കിട്ടിയ തിരുവനന്തപുരത്ത് അധികാരമേറ്റ് രണ്ട് ദിവസങ്ങൾക്കകം തന്നെ വിവാദം സൃഷ്ടിച്ചത് പാർട്ടിക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. വട്ടിയൂര്‍ക്കാവ് നിയസഭാ സീറ്റ് നല്‍കാമെന്ന പാര്‍ട്ടിയുടെ ഓഫറിനോടും ശ്രീലേഖ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിലും ബിജെപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ കൗണ്‍സില്‍ ഹാളില്‍ നിന്ന് ശ്രീലേഖ ഇറങ്ങി പോയ സംഭവത്തിലും പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്.

അതേസമയം എംഎല്‍എ ഓഫീസ് ഒഴിയാനുള്ള ആര്‍ ശ്രീലേഖയുടെ ആവശ്യത്തെ രാഷ്ട്രീയ അവസരമാക്കിയിരിക്കുകയാണ് സിപിഐഎം. സംഭവത്തിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കോര്‍പ്പറേഷന്‍ കൗണ്‍സിലിനാണ്. പിന്നെ എങ്ങനെ ആര്‍ ശ്രീലേഖ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാന്‍ പറയും എന്ന ചോദ്യത്തില്‍ ഉത്തരം മുട്ടിയിരിക്കുകയാണ് ബിജെപിയും ശ്രീലേഖയും.

Exit mobile version