Site icon Malayalam News Live

സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി; അനുനയിപ്പിച്ച്‌ പുറത്തേക്ക് എത്തിക്കാൻ ശ്രമം; ആന ആരോഗ്യവാനാണെന്ന് വനപാലക സംഘം

കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി.

പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വനപാലക സംഘം അറിയിച്ചു.

ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്.

ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവർത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

Exit mobile version