Site icon Malayalam News Live

സംസ്ഥാനത്ത് 289 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമേകി വിവിധ വകുപ്പുകളിലെ പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ തീരുമാനം.മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് ഇന്ന് നടന്ന പി.എസ്.സി യോഗം പച്ചക്കൊടി കാട്ടുകയായിരുന്നു. ഇതനുസരിച്ച്‌ മെയ് 25 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ അവസാനിക്കേണ്ടിയിരുന്ന റാങ്ക് ലിസ്റ്റുകള്‍ക്ക് ഈ വര്‍ഷം നവംബര്‍ 30 വരെ ജീവന്‍ ലഭിക്കും.

 

സംസ്ഥാനതലത്തിലുള്ള 65-ലധികം ലിസ്റ്റുകള്‍ക്കും വിവിധ ജില്ലകളിലെ മുപ്പതോളം ലിസ്റ്റുകള്‍ക്കും ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. കോളേജ് അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെയുള്ള നൂറിലധികം റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടും നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ നടപടി വലിയ തുണയാകും. തിരഞ്ഞെടുപ്പ് കാലത്ത് പല സര്‍ക്കാര്‍ വകുപ്പുകളും തങ്ങളുടെ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വിമുഖത കാണിച്ചതാണ് ഉദ്യോഗാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയത്. അര്‍ഹമായ നിയമനം നടക്കാതെ പോയതോടെ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാരിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.

 

ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കാലാവധി നീട്ടിനല്‍കാന്‍ പുതിയ ഭരണകൂടം പി.എസ്.സിക്ക് ശുപാര്‍ശ നല്‍കിയത്. സാധാരണയായി നിയമന നിരോധനം പോലുള്ള അസാധാരണ സാഹചര്യങ്ങളിലാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. മുന്‍പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് ലോക്ഡൗണ്‍ മൂലം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിച്ച ഘട്ടത്തില്‍ മാത്രമാണ് ഇത്തരത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയിരുന്നത്. അതിനുശേഷം ഇപ്പോഴാണ് ഉദ്യോഗാര്‍ത്ഥികളുടെ താല്പര്യം മുന്‍നിര്‍ത്തി ഇത്തരമൊരു അടിയന്തര നടപടി ഉണ്ടാകുന്നത്.

Exit mobile version