Site icon Malayalam News Live

ശബരിമല സ്വർണക്കൊള്ള കേസ്; പിഎസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്ഐടി സംഘം

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണസംഘമാണ് പിഎസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. 2025ൽ ദ്വാരാപാലക ശില്പങ്ങൾ‌ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരുന്നത്.

മൂന്നംഗസംഘമാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ വീട്ടിലെത്തിയ സംഘം പ്രശാന്തിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടെവരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

മുരാരി ബാബുവാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാർ, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികൾ. പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്ഐടി റിപ്പോർട്ട് പറയുന്നു.

അതേസമയം താന്‍ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പിഎസ് പ്രശാന്തിന്റെ വാദം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണില്‍ സംസാരിച്ചതും. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല. നിയമപരമായി കേസ് നേരിടുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു.

Exit mobile version