Site icon Malayalam News Live

ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷൻ ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽ നിന്ന് മാറ്റാനുള്ള തീരുമാനം; ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി ബഹിഷ്കരണവും പ്രതിഷേധ യോഗവും മാർച്ചും സംഘടിപ്പിച്ചു

ഏറ്റുമാനൂർ: ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷൻ ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽ നിന്നു കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി – രണ്ടിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി ബഹിഷ്കരണവും പ്രതിഷേധ യോഗവും മാർച്ചും സംഘടിപ്പിച്ചു.

നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് സിബി വെട്ടൂർ അധ്യക്ഷത വഹിച്ചു. ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷൻ ഏറ്റുമാനൂർ കോടതിയുടെ പരിധിയിലേക്ക് മാറ്റിയാൽ ഇരുനൂറോളം വരുന്ന അഭിഭാഷകരും കോടതി ഇടപാടുകാരും പ്രതിസന്ധിയിലാകുമെന്നും നടപടി പുനഃപരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സംഭവത്തിൽ ബാർ അസോസിയേഷൻ ഹൈക്കോടതി മുൻപാകെ റജിസ്ട്രാർ ജനറലിനും അന്നത്തെ ചാർജ് ജഡ്‌ജിക്കും മെമ്മോറാണ്ടം നൽകുകയും തുടർന്ന് ലഭിച്ച നിയമോപദേശത്തിന്റെ പേരിൽ റിട്ട് പെറ്റീഷനായി ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. 2023 ഓഗസ്റ്റ് 8-ന് ഈ പെറ്റീഷൻ തീർപ്പായെങ്കിലും ഇതു പ്രകാരമുള്ള നടപടികളൊന്നും പിന്നീട് കൃത്യമായി നടന്നില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു.

ബാർ അസോസിയേഷൻ സെക്രട്ടറി കെ.ആർ.മനോജ് കുമാർ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പക്കുളം, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ദീപ ജോസ്, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, സീനിയർ അഭിഭാഷകരായ ബി.ജയചന്ദ്രൻ, കെ.എസ്.അമ്പിളി, ആർ.ലേഖ, മൈക്കിൾ ജയിംസ്, പ്രശാന്ത് രാജൻ, രാജേഷ് സി.മോഹൻ, സി.ആർ.സിന്ധുമോൾ, ജയ്‌സൺ ജോസഫ്, അഭിഭാഷക ക്ലാർക്ക് അസോസിയേഷൻ പ്രതിനിധി ടി.ജയകുമാർ എന്നിവർ പ്രസംഗിച്ചു. യോഗത്തിനു ശേഷം അഭിഭാഷകരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.

Exit mobile version