Site icon Malayalam News Live

വനിതകളുടെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നു; വനിതാ സംവരണ ബില്ലിൽ കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി

വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണ-പ്രതിപക്ഷ പോര് തുടരുകയാണ്. വനിതകളുടെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 17 എന്‍ഡിഎയ്ക്ക് കറുത്ത ദിനമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയം എന്നാണ് വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടിയെ പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്. ഇന്നലെയാണ് ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ടത്.

ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ വിജയം. ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയം എന്നാണ് പ്രിയങ്ക ഇതിനെ വിശേഷിപ്പിച്ചത്. ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കം ഇന്നലെ പരാജയപ്പെടുത്തിയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ തന്നെ നമ്മള്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല. എപ്പോഴും അധികാരത്തില്‍ ഇരിക്കാനാണ് ബിജെപി ശ്രമം. അതിന് വേണ്ടി വനിതാ സംവരണം ഉപയോഗിക്കാന്‍ ശ്രമിച്ചു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുന്‍പ് മാത്രമാണ്. വനിതകളുടെ പേരില്‍ രാഷ്ട്രീയ കളിക്കുള്ള ശ്രമം ആണ് നടന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇതൊക്കെ കാണുന്നുണ്ട്. ബില്ല് വനിതാ സംവരണത്തിന് വേണ്ടിയല്ല. മണ്ഡല പുനര്‍ നിര്‍ണയത്തിന് വേണ്ടിയാണു കൊണ്ട് വന്നത്. കറുത്ത ദിനം സര്‍ക്കാരിനാണ്. എല്ലാം വനിതകള്‍ കാണുന്നുണ്ട് എന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Exit mobile version