Site icon Malayalam News Live

‘എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട പദ്ധതി, വൻവിജയം ആശംസിക്കുന്നു’; പ്രിയദര്‍ശിനിയെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ സൗജന്യയാത്രാ പദ്ധതിയായ പ്രിയദർശിനിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

തനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട പദ്ധതിയാണിതെന്ന് പറഞ്ഞ അദ്ദേഹം പ്രിയദർശിനി വൻവിജയമാകട്ടെയെന്നും ആശംസിച്ചു.

 

പദ്ധതിയ്‌ക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ അനുകൂല പ്രതികരണമെന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്നലെ രാത്രിവരെ സ്ത്രീകള്‍ക്ക് ചില ഭയാശങ്കകളോ പ്രതീക്ഷയില്ലായ്മയോ നിഴലിച്ചിട്ടുണ്ടാകാമെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്ക് പുതിയൊരു സ്വപ്നത്തിന്റെ വിരിയല്‍ കൂടിയാണ് ഈ പദ്ധതിയെന്നും കൂട്ടിച്ചേർത്തു.

”ഇന്നത്തെ കാലത്ത് ആണുങ്ങളേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളാണ് ജോലിക്കും വീട്ടിലേക്കുള്ള ആവശ്യങ്ങള്‍ക്കുമായി പുറത്തു പോകുന്നത്. പണ്ട് ഇങ്ങനെ ഇല്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കു വേണ്ടി ഇങ്ങനൊരു സംവിധാനം ഒരുക്കുന്നത്. എല്ലാം കൊണ്ടും വൻവിജയം ആശംസിക്കുന്നു. തുടരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”- അദ്ദേഹം പറഞ്ഞു.

 

രാജ്യത്ത് പല സംസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പ് അനുസരിച്ചാണ് പദ്ധതി ഭാഗികമായും പൂർണമായും നടപ്പാക്കിയിട്ടുള്ളത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ ഇതിന്റെ വ്യാപ്തി കൂടുതല്‍ വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതത്തേക്കാള്‍ കൂടുതല്‍ വിരുത് സാമ്പത്തികത്തില്‍ ഉള്ളയാളാണ് സിപി ജോണ്‍. മുഖ്യമന്ത്രിയും സിപി ജോണും ചേർന്ന് ഗതാഗതമേഖലയെ നല്ല വഴിക്ക് കൊണ്ടുവരുമെന്നും അതിനുള്ള കരുത്ത് ഇരുവർക്കും ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version