പ്രിയദർശിനി സൗജന്യ യാത്ര ബമ്പര്‍ ഹിറ്റ്..! കുതിച്ചുയര്‍ന്ന് സ്ത്രീ യാത്രക്കാര്‍; ആദ്യ ദിനം ആഘോഷമാക്കിയത് 13,29938 സ്ത്രീകള്‍; സ്ത്രീ യാത്രികരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്നലെ ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകള്‍.

പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളില്‍ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 13 ലക്ഷത്തിലധികം സ്ത്രീകളാണ് ഇന്നലെ കെ എസ് ആർ ടി സി ബസിലെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ യാത്രികരുടെ എണ്ണത്തില്‍ ഇരട്ടിയോളം വർദ്ധനവാണ് ഉണ്ടായത്. മുൻ തിങ്കളാഴ്ച 7,34,693 സ്ത്രീകള്‍ യാത്ര ചെയ്ത സ്ഥാനത്ത് ഇന്നലെ അത് 13,29,938 ആയി ഉയർന്നു.

അതായത് 7 ലക്ഷത്തില്‍ നിന്ന് 14 ലക്ഷത്തിലേക്കാണ് ഈ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ മാറ്റം. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയെക്കാള്‍ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളില്‍ അധികമായി യാത്ര ചെയ്തത്.

ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടായ ആദ്യ ദിനത്തില്‍ സ്ത്രീകളുടെ ടിക്കറ്റ് ഇനത്തില്‍ മാത്രം 2,20,49,159 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി വലിയ വിജയമായതോടെ വരും ദിവസങ്ങളിലും ഓർഡിനറി ബസുകളില്‍ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമെന്നാണ് കെ എസ് ആർ ടി സി യുടെ വിലയിരുത്തല്‍.

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി കോംപ്ലക്സില്‍ മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിക്ക് ഡബിള്‍ ബെല്ലടിച്ചത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് നല്‍കിയുള്ള സൗജന്യ യാത്രയാണ് യാഥാർഥ്യമായത്.