Site icon Malayalam News Live

സഹായമില്ലെങ്കില്‍ സമരം വേണ്ടിവരും; സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ

തൃശൂർ : കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ക്കും സര്‍ക്കാര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍. സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രൈവറ്റ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഡ്രൈവറെ ബസ് ഉടമ നിയമിക്കാം, കണ്ടക്ടറെ സര്‍ക്കാര്‍ വെക്കട്ടേയെന്നും തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സ്വകാര്യ ബസ് ഉടമകള്‍ പ്രതികരിച്ചു. കെഎസ്ആര്‍ടിസിക്ക് കൊടുക്കുന്നത് പോലെ സര്‍ക്കാര്‍ ധനസഹായം സ്വകാര്യ ബസുകള്‍ക്കും നല്‍കണം. ഒരു ബസിന് നിശ്ചിത തുക സര്‍ക്കാര്‍ തരണം. കിലോമീറ്ററിന് 55 രൂപ സര്‍ക്കാര്‍ നല്‍കണം. കളക്ഷന്‍ സര്‍ക്കാരിന് നല്‍കാം. മറ്റെല്ലാ ചെലവുകളും ഉടമകള്‍ നടത്തും. അതല്ലെങ്കില്‍ സ്വകാര്യ ബസുകളും വനിതകള്‍ക്ക് സൗജന്യം നല്‍കാം. സര്‍ക്കാര്‍ പണം തന്നാല്‍ മതി എന്നും ബസുടമകൾ പ്രതികരിച്ചു.

ബജറ്റിന് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും ബസുടമകള്‍ വ്യക്തമാക്കി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ മുതല്‍ സമരത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ പ്രതികരിച്ചു. ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ സ്വകാര്യ ബസ് ഉടമകള്‍ പ്രതികരിച്ചിരുന്നു. ഇന്നലെ മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി ആരംഭിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്.

Exit mobile version