Site icon Malayalam News Live

നായകനായി അങ്ങ് ഉണ്ടാകണം, അങ്ങേക്കൊപ്പം ഞങ്ങളുണ്ട്, വർഗീയതക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ അജയ്യനാണ്; മുരളീധരനായി തിരുവനന്തപുരത്ത് പോസ്റ്റർ

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് കെ. മുരളീധരനായി പോസ്റ്റർ. തിരുവനന്തപുരം കെ.പി.സി.സി, ഡി.സി.സി ഓഫിസുകൾക്ക് മുമ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് എന്ന പോരാട്ടത്തിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കാം. പക്ഷെ വർഗീയതക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ എന്നും അജയ്യനാണ്. അങ്ങേക്കായിരം അഭിവാദ്യങ്ങൾ എന്നാണ് പോസ്റ്ററിൽ വ്യക്തമാക്കുന്നത്.

കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നായകനായി അങ്ങ് ഉണ്ടാകണമെന്നും എന്നും എപ്പോഴും ഞങ്ങളുണ്ട് അങ്ങേക്കൊപ്പമെന്നും പ്രിന്‍റ് ചെയ്ത പോസ്റ്ററിൽ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ ഡി.സി.സി അധ്യക്ഷൻ ജോസ് വള്ളൂരും തെരഞ്ഞെടുപ്പ് സമിതി കൺവീനർ ടി.എൻ. പ്രതാപനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

Exit mobile version