ഡല്‍ഹി: രാജ്യത്ത് പോസ്റ്റ് ഓഫീസ് വഴി നടത്തുന്ന എല്ലാ വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇനി പാൻ കാർഡ് നിർബന്ധം.
2026ലെ ആദായ നികുതി ചട്ടങ്ങള്‍ പ്രകാരം പോസ്റ്റ് ഓഫീസിലെ നിക്ഷേപം, പിൻവലിക്കല്‍, പുതിയ അക്കൗണ്ട് തുടങ്ങല്‍ തുടങ്ങിയ എല്ലാ പ്രധാന ഇടപാടുകള്‍ക്കും പാൻ നമ്പർ രേഖപ്പെടുത്തണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഇടപാടുകളുടെ സുതാര്യത മെച്ചപ്പെടുത്തുന്നതിനും വലിയ സാമ്പത്തിക ഇടപാടുകളുടെ നിരീക്ഷണം ശക്തിപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം.
പാൻ കാർഡ് ഇല്ലാത്തവർ നിക്ഷേപങ്ങള്‍ക്കായി ഇനി മുതല്‍ ഫോം 97 പൂരിപ്പിച്ചു നല്‍കണം. മുമ്പത്തെ ഫോം 60 ന് പകരമാണ് ഇത്. അപേക്ഷകന്റെ പേര്, വിലാസം, ഇടപാടിന്റെ തുക, ഇടപാടിന്റെ സ്വഭാവം എന്നിവ ഫോമില്‍ രേഖപ്പെടുത്തണം. കൂടാതെ തിരിച്ചറിയല്‍ രേഖകളും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്.
അതേസമയം, നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനത്തിന് ടിഡിഎസ് പിടിക്കുന്നത് ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന 15ജി, 15എച്ച് എന്നീ ഫോമുകള്‍ക്ക് പകരം ഇനി മുതല്‍ ഫോം 121 ആണ് ഉപയോഗിക്കേണ്ടത്. മുമ്പ് മുതിർന്ന പൗരന്മാർക്കും മറ്റുള്ളവർക്കും വെവ്വേറെ ഫോമുകളായിരുന്നെങ്കില് ഇനി മുതല്‍ എല്ലാവർക്കും ഫോം 121 ആയിരിക്കും. നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധിയിലുള്ളവർ ഓരോ സാമ്പത്തിക വർഷവും ഈ ഫോം സമർപ്പിക്കണം. പോസ്റ്റ് ഓഫീസുകള്‍ ഈ ഫോമുകള്‍ ഏഴ് വർഷം വരെ റെക്കോർഡായി സൂക്ഷിക്കും. സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നത് വരെ പഴയ ഫോമുകള്‍ തുടരാനും അനുവാദമുണ്ട്.
സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും, സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിക്കുമ്പോഴും പാൻ നമ്പർ നല്‍കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ അക്കൗണ്ട് തുടങ്ങുമ്പോള്‍ സേവിങ്സ് അക്കൗണ്ടിലോ മറ്റ് പദ്ധതികളിലോ പണം നിക്ഷേപിക്കുമ്പോള്‍, അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുമ്പോള്‍, സ്ഥിരനിക്ഷേപങ്ങള്‍ പുതുക്കുമ്പോള്‍ പാൻ നമ്പർ നല്‍കുകയോ അല്ലെങ്കില്‍ ഫോം 97 സമർപ്പിക്കുകയോ ചെയ്യണം.
