Site icon Malayalam News Live

‘സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങളുടെ യഥാർത്ഥ കാരണങ്ങള്‍ കണ്ടെത്തുക’; പൊലീസിനെ അടക്കം ഭാഗമാക്കി സംസ്ഥാനത്ത് പുതിയ പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കും; നിർണ്ണായക തീരുമാനവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങളുടെ യഥാർത്ഥ കാരണങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’ (അപകടാനന്തര അന്വേഷണസംഘം) രൂപീകരിക്കാൻ ഗതാഗത വകുപ്പ് നിർദേശം നല്‍കി.

കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടല്‍. അപകടങ്ങളില്‍ കൃത്യമായ ശാസ്ത്രീയ അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ശുപാർശകള്‍ സമർപ്പിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന ഈ വിദഗ്ദ്ധ സമിതിയില്‍ അതത് ജില്ലയിലെ ആർ.ടി.ഒ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ, പി.ഡബ്ല്യു.ഡി അല്ലെങ്കില്‍ ദേശീയപാത അതോറിറ്റിയിലെ എൻജിനീയർ, നാറ്റ്പാക് പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും.

അപകടം നടക്കാൻ ഇടയാക്കിയ സാഹചര്യം, റോഡിന്റെ ഘടനയിലുള്ള പിഴവുകള്‍, വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍, ഡ്രൈവറുടെ അശ്രദ്ധ എന്നിവ വിശദമായി പരിശോധിച്ച്‌ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കുകയുമാണ് ഇവരുടെ ചുമതല. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ് കടക്കും.

Exit mobile version