Site icon Malayalam News Live

ഡി.സി. കിഴക്കേമുറിയുടെ പത്നി പൊന്നമ്മ ഡിസി (90) അന്തരിച്ചു; സംസ്‌കാരം 27ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം ലൂർദ് ഫെറോന പള്ളിയിൽ

കോട്ടയം: ഡി.സി. കിഴക്കേമുറിയുടെ പത്നി പൊന്നമ്മ ഡിസി (90) അന്തരിച്ചു. രണ്ടു പതിറ്റാണ്ടോളം ഡിസി ബുക്‌സിന്റെ പ്രവർത്തനങ്ങൾക്കു സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്കൂ‌ളിലെ അധ്യാപികയായിരുന്നു. 1963 ഓഗസ്‌റ്റ് 26നാണ് ഡി.സി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്.

1974ൽ ഡി.സി. കിഴക്കേമുറി ഡിസി ബുക്സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡിസിയായിരുന്നു. തകഴി, ബഷീർ, സി.ജെ. തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡിസി സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു.

ഡി.സി. കിഴക്കേമുറിക്കു ലഭിച്ച മരണാനന്തര പത്മഭൂഷൻ രാഷ്ട്രപതി കെ.ആർ. നാരായണനിൽനിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡിസിയായിരുന്നു. ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി.പി. ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം.

മക്കൾ: താര, മീര, രവി ഡിസി (ഡിസി ബുക്സ്). മരുമക്കൾ: ജോസഫ് സത്യദാസ് (സിംഗപ്പൂർ സ്ട്രെയ്‌റ്റ്‌ ടൈംസ് സീനിയർ എഡിറ്റർ), അനിൽ വർഗീസ് (ബിസിനസ്), രതീമ (എക്സിക്യുട്ടീവ് ഡയറക്ടർ, ഡിസി ബുക്‌സ്).

സംസ്‌കാരം: ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ദേവലോകത്തെ വീട്ടിലെ ശുശ്രൂഷകൾക്കുശേഷം മൂന്നിന് കോട്ടയം കലക്‌ടറേറ്റിനു സമീപമുള്ള ലൂർദ് ഫെറോന പള്ളിയിൽ. ശനി രാവിലെ 10 മണി മുതൽ വീട്ടിൽ പൊതുദർശനം.

Exit mobile version