Site icon Malayalam News Live

യൂണിഫോമില്‍ ഒരു നക്ഷത്രം കൂടി..! സത്യനാരായണയ്ക്കും സുന്ദരമൂര്‍ത്തിക്കും സന്നിധാനത്ത് വച്ച്‌ ഉദ്യോഗക്കയറ്റം; ശബരീശ സന്നിധിയില്‍ റാങ്ക് സെറിമണിയും

ശബരിമല: സന്നിധാനത്ത് വച്ച്‌ യൂണിഫോമില്‍ ഒരു നക്ഷത്രം കൂടി കൂട്ടിച്ചേര്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ദ്രുതകര്‍മ്മ സേനാംഗങ്ങളായ സത്യനാരായണയും എസ്. സുന്ദരമൂര്‍ത്തിയും.

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുമ്പോള്‍ ഇരുവരും എ.എസ്.ഐമാരായിരുന്നു. എസ്.ഐമാരായി സ്ഥാനക്കയറ്റം കിട്ടിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് വന്നത്.

ജനുവരി 19 വരെ ഇരുവര്‍ക്കും സന്നിധാനത്ത് ഡ്യൂട്ടി ആയതിനാല്‍ ഇവിടെ വെച്ചു തന്നെ റാങ്ക് സെറിമണി നടത്താന്‍ ദ്രുതകര്‍മ്മസേനാ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സന്നിധാനത്ത് നടന്ന ചടങ്ങില്‍ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍ രണ്ട് നക്ഷത്രങ്ങളുള്ള പുതിയ ബാഡ്ജ് ഇവരുടെ തോളില്‍ അണിയിച്ചു.

അസിസ്റ്റന്റ് കമാന്‍ഡന്റുമാരായ സതീഷ്, രമേഷ് എന്നിവരും പങ്കെടുത്തു. സത്യനാരായണ ആന്ധ്രാപ്രദേശ് സ്വദേശിയും എസ്. സുന്ദരമൂര്‍ത്തി തമിഴ്നാട് സ്വദേശിയുമാണ്. അയ്യപ്പ സന്നിധിയില്‍ വെച്ച്‌ സ്ഥാനക്കയറ്റം നേടാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ഇരുവരും പറഞ്ഞു.

Exit mobile version