Site icon Malayalam News Live

പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി കടകളില്‍ എത്തും; കടമായി വാങ്ങുന്നത് 500 രൂപയില്‍ താഴെ; പുതിയ തട്ടിപ്പുമായി യുവാവ്

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി കടകളില്‍ നിന്നും അജ്ഞാതൻ പണം വാങ്ങുന്നെന്ന് പരാതി.

കണ്ണൂർ ജില്ലയിലെ പിലാത്തറ, ഏഴിലോട്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് തട്ടിപ്പുകാരനെത്തുന്നത്. പയ്യന്നൂർ എസ്‌ഐയെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം വാഹനത്തിന് വാടക നല്‍കാൻ പണം കടം ചോദിക്കുന്നതാണ് ഇയാളുടെ പതിവ്. ‘

500 രൂപയില്‍ താഴെയുള്ള തുകയാണ് ഇയാള്‍ ചോദിക്കുക. ഉടൻ തിരിച്ചുനല്‍കാം എന്നുപറഞ്ഞ് പണം വാങ്ങുന്ന ഇയാള്‍ പിന്നീട് ആ വഴിക്ക് വരില്ല.

അയാള്‍ തട്ടിപ്പ് തുടങ്ങിയിട്ട് മൂന്നുമാസത്തോളമായെന്നാണ് വിവരം. കഴിഞ്ഞ സെപ്തംബർ മുതല്‍ വിവിധ കടകളില്‍ ഇയാളെത്തി പണം കടംവാങ്ങിയിട്ടുണ്ട്.

എന്നാല്‍, ചെറിയ തുകയാണ് നഷ്ടമാകുന്നത് എന്നതിനാല്‍ ആരും പരാതിപ്പെട്ടിരുന്നില്ല. നിരവധി പ്രദേശങ്ങളിലെ കടക്കാർക്ക് സമാന അനുഭവമുണ്ടായതോടെയാണ് വ്യാപാരികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പിലാത്തറ, ഏഴിലോട്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ് തട്ടിപ്പുകാരൻ ലക്ഷ്യം വെക്കുന്നത്. കടം വാങ്ങുന്നത് ചെറിയ തുകയായതിനാല്‍ പരാതി നല്‍കാൻ പലരും തുനിഞ്ഞിരുന്നില്ല. എന്നാല്‍ സംഗതി സ്ഥിരമായതോടെയാണ് പറ്റിക്കപ്പെട്ടവർ പൊലീസില്‍ പരാതിപ്പെട്ടത്.

സംഭവത്തില്‍ പയ്യന്നൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തട്ടിപ്പുകാരനെത്തിയ കടകളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പ്രതിയെന്ന സംശയിക്കുന്ന ഒരാള്‍ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.

Exit mobile version