Site icon Malayalam News Live

ബൈക്ക് യാത്രയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ച് കൊന്നു; സംഭവം അരുണാചൽ പ്രദേശിൽ

അരുണാചൽ പ്രദേശിൽ ബൈക്ക് യാത്രക്കിടയിടെ പൊലീസ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ച് കൊന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അരുണാചൽ പ്രദേശ് പൊലീസിൽ റേഡിയോ ഓപ്പറേറ്ററായി പ്രവർത്തിച്ചു വരികയായിരുന്ന ഹെഡ് കോൺസ്റ്റബിൾ ചിക്‌സെങ് മാൻപങാണ് കൊല്ലപ്പെട്ടത്. ദിബാഗ് താഴ്‌വരയിലെ അനിനി എന്ന പ്രദേശത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സംസ്ഥാനത്ത് കടുവയുടെ ആക്രമണത്തിൽ മനുഷ്യജീവൻ അപകടത്തിലാവുന്നത് അപൂർവമാണ്. ഈ സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. വിവരം അറിഞ്ഞതിന് പിന്നാലെ പൊലീസും വനം വകുപ്പ് അധികൃതരും പ്രദേശത്ത് ഉടൻ തന്നെ എത്തിയെന്നും പരിശോധനകൾ നടത്തിയെന്നും ലോവർ ദിബാഗ് വാലി എസ്പി മനീഷ് ശൗര്യ പറഞ്ഞു.

കടുവയുടെ ആക്രമണമുണ്ടായ പാതയിൽ ഇരുചക്ര വാഹനങ്ങളുടെ യാത്ര നിരോധിച്ചിട്ടുണ്ട്. പ്രമുഖ വിനോദസഞ്ചാര മേഖലയായ മയുദിയയ്ക്ക് സമീപം കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നിരോധനം. ശൈത്യകാലത്തെ മഞ്ഞുവീഴ്ചയിൽ പേരുകേട്ടയിടമാണ് മയുദിയ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പെൺകടുവയെയും മൂന്ന് കടുവ കുഞ്ഞുങ്ങളെയും പ്രദേശത്ത് കണ്ടതായി യാത്രികർ അധികൃതരെ അറിയിച്ചിട്ടുണ്ട്. അതേസമയം കടുവകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Exit mobile version