Site icon Malayalam News Live

സ്റ്റാന്‍ഡില്‍ കറങ്ങി നടന്ന കുട്ടിയോട് വീട്ടില്‍ പോകാന്‍ പറഞ്ഞു; ഇത് പറയാന്‍ താന്‍ ആരെന്ന് കുട്ടിയുടെ ആക്രോശം; സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനായി ജീപ്പില്‍ കയറ്റുന്നതിനിടെ എസ്‌ഐയുടെ കഴുത്ത് പിടിച്ച്‌ നിലത്തടിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥി; മര്‍ദനമേറ്റത് പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. ജിനുവിന്

പത്തനംതിട്ട: എസ്‌ഐയെ കഴുത്തിന് പിടിച്ച്‌ നിലത്തടിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥി.

കുട്ടി ആക്രമിച്ചത് ബസ് സ്റ്റാന്‍ഡില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതിന്റെ ദേഷ്യത്തില്‍. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. ജിനുവിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

വിദ്യാര്‍ഥിനികളെ കമന്റടിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിയില്‍ എത്തിയതാണ് എസ്.ഐയും സംഘവും.
വിദ്യാര്‍ഥികളുടെ സ്ഥിരം സംഘര്‍ഷവേദിയായ പത്തനംതിട്ട പുതിയ സ്വകാര്യസ്റ്റാന്‍ഡ്. സ്റ്റാന്‍ഡില്‍ എത്തിയ സമയത്ത് കറങ്ങി നടക്കുന്ന വിദ്യാര്‍ഥിയെ കണ്ടത്.

വീട്ടില്‍ പോകാന്‍ എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് പ്രകോപിതനായ കുട്ടി പോലീസിനോട് തട്ടിക്കയറുകയും ഇത് പറയാന്‍ താന്‍ ആരാണെന്ന് ചോദിച്ചു. എങ്കില്‍ സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞ് എസ്‌ഐ കുട്ടിയെ കൈയില്‍ പിടിച്ച്‌ ജീപ്പിനരിലേക്ക് കൊണ്ടുപോയി.

ഈ സമയം കുട്ടി പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. താഴെ വീണ എസ്‌ഐയുടെ തലയ്ക്ക് കമ്പുകൊണ്ട് അടിക്കുകയും ചെയ്തു.

മറ്റ് പോലീസുകാര്‍ ചേര്‍ന്ന് കുട്ടിയെ കീഴടക്കി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടി ലോക്കപ്പില്‍ കിടന്നും ബഹളം വെച്ചു. മാനസിക വെല്ലുവിളിയുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Exit mobile version