Site icon Malayalam News Live

രാത്രിയില്‍ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ഭയപ്പെടുത്തിയിരുന്ന പ്രതി പോലീസ് പിടിയിൽ; സംഭവം എറണാകുളത്ത്

കൊച്ചി : എറണാകുളം നെട്ടൂരില്‍ രാത്രിയില്‍ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ഭയപ്പെടുത്തിയിരുന്ന പ്രതി പോലീസ് പിടിയിലായി. നെട്ടൂർ സ്വദേശി സനൂപിനെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. നെട്ടൂർ ധന്യാ ജംഗ്ഷനിലൂടെ രാത്രി കടന്നുപോകുന്ന കാർ യാത്രക്കാർക്കും കാല്‍നടയാത്രക്കാർക്കും മുന്നില്‍ ചാടിവീണ് ഭയപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്.

 

അനുഭവമുണ്ടായ ചിലർ പ്രതിയുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തുടർന്ന് പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ സനൂപിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 

എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പും നടത്തി. കൊച്ചി സിറ്റി പോലീസ് ആണ് പ്രതി പിടിയിലായ വിവരം സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. പിടിയിലായ സനൂപ് ലഹരിക്ക് അടിമയാണോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിന്റെ ടോള്‍ ഫ്രീ നമ്പർ ആയ 112 – ല്‍ വിളിച്ച്‌ വിവരം അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Exit mobile version