Site icon Malayalam News Live

പിഎം ശ്രീ പദ്ധതിയിലെ തുടർനടപടി; വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന്

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടി തീരുമാനിക്കാൻ മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. കഴിഞ്ഞ സർക്കാർ ധാരണാ പത്രത്തിൽ ഒപ്പിട്ടതിനാൽ സംസ്ഥാനം കരാറിന്റെ ഭാഗമാണ് എന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുടെ തിരഞ്ഞെടുപ്പിലും കരിക്കുലത്തിലും കേന്ദ്ര സർക്കാർ ഇടപെടൽ ഒഴിവാക്കാനാണ് ശ്രമിക്കുന്നത് എന്നുമാണ്‌ സർക്കാർ വാദം. പിഎംശ്രീയിൽ മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് വൈകിട്ട് നാലുമണിക്ക് ചേരും. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക.

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ, എക്‌സൈസ് മന്ത്രി എം ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, മന്ത്രി പിസി വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതിയുടെ അംഗങ്ങൾ. ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ള പ്രശ്നങ്ങൾ സംസ്ഥാനത്തെ ബാധിക്കാതെ എങ്ങിനെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളിലടക്കം സമിതി പഠന റിപ്പോർട്ട് തയ്യാറാക്കും. അതിന് ശേഷമായിരിക്കും ഏത് തരത്തിൽ പദ്ധതി നടപ്പിലാക്കണം എന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കുക.

Exit mobile version