Site icon Malayalam News Live

സ്കൂളിന് പുറത്ത് കിട്ടിയാൽ തീർക്കും.. എനിക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ട് സാറേ…; മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് പ്രധാനാധ്യാപകന് നേരെ കൈചൂണ്ടി കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി. പാലക്കാട് ആനക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്കൂളിന് പുറത്തിറങ്ങിയാൽ സാറിനെ കൊല്ലുമെന്നായിരുന്നു വിദ്യാർത്ഥിയുടെ ഭീഷണി.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ചാണ് വിദ്യാർത്ഥി ക്ലാസിൽ ഫോണുമായി വന്നത്. ഇത് അധ്യാപകൻ പിടിച്ചെടുത്ത് പ്രധാനാധ്യാപകന് കൈമാറിയിരുന്നു.

ഇതിനുപിന്നാലെയാണ് ഫോൺ തിരികെ നൽകണമെന്ന ആവശ്യവുമായി വിദ്യാർത്ഥി എത്തിയത്. വെള്ളിയാഴ്‌ചയായിരുന്നു സംഭവം. പ്രധാനാധ്യാപകന് നേരെ കൈചൂണ്ടി കയർക്കുന്ന വിദ്യാർത്ഥിയെ ആണ് ദൃശ്യങ്ങളിൽ കാണുന്നത്. മെന്റലി ഹരാസ് ചെയ്യുകയാണെന്നും നാട്ടുകാരോട് പറയുമെന്ന് പറഞ്ഞായിരുന്നു ആദ്യം ഭീഷണി മുഴക്കിയത്.

എന്നാൽ, അധ്യാപകൻ വഴങ്ങാതായതോടെ പുറത്തിറങ്ങിയാൽ കാണാമെന്നായി. എന്ത് ചെയ്യുമെന്ന അധ്യാപകന്റെ ചോദ്യത്തിന് പുറത്ത് കിട്ടിയാൽ തീർക്കും എനിക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ട് സാറേ എന്നായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയുടെ ഭീഷണി. ഇതും പറഞ്ഞ് കസേര തട്ടി നീക്കി മുറിക്ക് വെളിയിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം

മറ്റൊരു അധ്യാപകനാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ അധ്യാപകരും പിടിഎയും തൃത്താല പൊലീസിൽ പരാതി നൽകി.

Exit mobile version