Site icon Malayalam News Live

വീട്ടില്‍ വളര്‍ത്തിയത് 13 പിറ്റ്ബുള്‍ നായകള്‍ ; ഭക്ഷണം നല്‍കാനെത്തിയ ഉടമയെ കടിച്ച്‌ കീറി കൊന്ന് വളര്‍ത്തുനായകള്‍

കാലിഫോർണിയ: ഭക്ഷണം നല്‍കാനെത്തിയ ഉടമയുടെ ജീവനെടുത്ത് വീട്ടില്‍ വളർത്തിയത് 13 പിറ്റ്ബുള്‍ നായകള്‍. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം.വെള്ളിയാഴ്ച വൈകുന്നേരമാണ് 35കാരനെ നായകള്‍ കടിച്ച്‌ കീറി കൊന്ന നിലയില്‍ കണ്ടെത്തിയത്.

വീടിന് പിൻവശത്തുള്ള കൂടുകള്‍ക്ക് സമീപത്തായാണ് യുവാവിന്റെ മൃതദേഹം സുഹൃത്ത് കണ്ടെത്തിയത്. 35കാരനുമായി ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ച്‌ സാധ്യമാകാതെ വന്നതോടെയാണ് സുഹൃത്ത് ഇയാളുടെ വീട്ടിലെത്തിയത്.

വീട്ടില്‍ യുവാവിനെ കാണാതെ പിൻവശത്ത് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവ് കിടക്കുന്നത് സുഹൃത്ത് കാണുന്നത്. വിവരം അറിയിച്ചതിനേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സഹായത്തോടെ നായകളെ നീക്കിയ ശേഷമാണ് 35കാരന്റെ ഛിന്നഭിന്നമായ മൃതദേഹം വീണ്ടെടുക്കാൻ സാധിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

വീടിനും പരിസരത്തുമായി സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച രാത്രി 7.30നും 8 മണിക്കും ഇടയിലാണ് യുവാവിനെ നായകള്‍ കടിച്ച്‌ കൊന്നതെന്ന് വ്യക്തമായതായാണ് പൊലീസ് വിശദമാക്കുന്നത്.നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന.

വലിയ മതില്‍കെട്ടിനുള്ളില്‍ നിരവധി കൂടുകളിലായി വലുതും ചെറുതുമായ 13 പിറ്റ് ബുള്‍ ഇനത്തിലെ നായകളെയാണ് യുവാവ് വളർത്തിയിരുന്നത്. നായകളുടെ വില്‍പനയും ബ്രീഡിംഗുമായി ബന്ധപ്പെട്ടായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു താമസം. നായ കടിച്ചേറ്റ പരിക്കുകള്‍ മൂലം രക്തം വാർന്നാണ് ഇയാള്‍ മരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്.

Exit mobile version