Site icon Malayalam News Live

ഗണ്‍മാന്മാരുടെ മര്‍ദ്ദനം: എസ്പിയുടെ റിപ്പോര്‍ട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന് എസ്‌ഐടി കണ്ടെത്തല്‍

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ റിപ്പോർട്ട് പൂഴ്ത്തിയെന്ന് എസ്‌ഐടിയുടെ കണ്ടെത്തല്‍.

ഗണ്‍മാന്മാർക്കെതിരായ റിപ്പോർട്ടാണ് മുൻ എല്‍ഡിഎഫ് സർക്കാർ പൂഴ്ത്തിയത്. മുൻ എസ്പി ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിയെന്നാണ് കണ്ടെത്തല്‍. ഗണ്‍മാന്മാരുടെത് ക്രിമിനല്‍ നടപടിയാണെന്നും പ്രവൃത്തി അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു മുൻ എസ്പിയുടെ റിപ്പോർട്ട്. റിപ്പോർട്ടിന് പിന്നാലെ മുൻ എസ്പിയെ സ്ഥലം മാറ്റിയെന്ന് മർദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജൂവല്‍ കുര്യാക്കോസ് റിപ്പോർട്ടറിനോട് പറഞ്ഞു.

 

അതേസമയം ഗണ്‍മാന്മാരുടെ മര്‍ദ്ദനത്തില്‍ അന്വേഷണം എസ്‌ഐടി വേഗത്തിലാക്കിയിരിക്കുകയാണ്. ഇന്ന് സാക്ഷികളുടെയും നാളെ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തും. ഒരാഴ്ചയ്ക്കുള്ളില്‍ മർദ്ദന ദൃശ്യങ്ങള്‍ പകർത്തിയ മൊബൈല്‍ ഫോണിന്റെ ഫോറൻസിക് പരിശോധന ഫലം ലഭിക്കുമെന്നും ഗണ്‍മാൻമാരെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി ചോദ്യംചെയ്യുമെന്നും എസ്‌ഐടി അറിയിച്ചു. അന്വേഷണത്തില്‍ എസ്പിയുടെ റിപ്പോർട്ടിലെ ഉള്ളടക്കവും പരിഗണിക്കാൻ എസ്‌ഐടി നീക്കം തുടങ്ങി.

സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് തീരുമാനമായത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച്‌ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത് കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Exit mobile version