Site icon Malayalam News Live

കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോർച്ച; അഞ്ചാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ

കണ്ണൂർ: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോർച്ച.

അഞ്ചാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലാണ്.

മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോള്‍ പയ്യന്നൂരില്‍ എല്‍ഡിഎഫിന് 11000 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2077 വോട്ടുകള്‍ക്കാണ് പിണറായി വിജയൻ പിന്നിലുള്ളത്.

 

ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണല്‍ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്. തളിപ്പറമ്പില്‍ ടി കെ ഗോവിന്ദൻ ആണ് മുന്നില്‍ തുടരുന്നത്.

 

ധർമ്മടത്ത് വിപി അബ്ദുല്‍ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്.

 

2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഇത്തവണ യുവ സാന്നിധ്യമായ വി പി അബ്‌ദു‍ല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

Exit mobile version