Site icon Malayalam News Live

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രത നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും, ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തില്‍ജാഗ്രത നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

 

എല്ലാ സുരക്ഷ നിർദേശങ്ങളും കർശനമായി പാലിക്കണം പ്രതിസന്ധികള്‍ നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

 

 

 

താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തില്‍ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അന്തരീക്ഷത്തില്‍ ഈർപ്പം കൂടുതലായതിനാല്‍ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാല്‍ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാല്‍ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശം നല്‍കി.

 

 

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

 

 

 

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തില്‍ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തില്‍ ഈർപ്പം കൂടുതലായതിനാല്‍ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

 

 

 

ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാല്‍ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങള്‍ എല്ലാവരും കർശനമായി പാലിക്കണം.

 

 

 

☀️ പകല്‍ 11 മുതല്‍ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെല്‍ഫ് ലോക്ക്ഡൗണ്‍’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.

 

 

 

💧 വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

 

 

 

👕 വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്ബോള്‍

 

കുട, പാദരക്ഷകള്‍, സണ്‍ഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

 

 

 

👨‍👩‍👧‍👦 പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികള്‍, ഗർഭിണികള്‍, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആല്‍ബനിസം ബാധിച്ചവരും ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.

 

 

 

🛑 പൊതുപരിപാടികള്‍ക്ക് നിയന്ത്രണം: പകല്‍ 11 മുതല്‍ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങള്‍, കലാകായിക പരിപാടികള്‍ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകല്‍പ്പൂരങ്ങള്‍, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകള്‍ക്കെതിരെ കനത്ത കരുതല്‍ വേണം.

 

 

 

🐕 മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങള്‍ക്കും തെരുവിലെ മൃഗങ്ങള്‍ക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകല്‍ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടില്‍ മൃഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാല്‍ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകള്‍ക്കെതിരെയും ജാഗ്രത വേണം.

 

 

 

🛡️ സർക്കാർ സംവിധാനങ്ങള്‍ സജ്ജം: പകല്‍ സമയത്തെ പുറംപണികള്‍ ഒഴിവാക്കുന്നതിനായി തൊഴില്‍ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകല്‍ സമയത്തെ തൊഴിലുറപ്പ് ജോലികള്‍ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നല്‍കി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമില്‍ ഇളവ് നല്‍കാനും നിർദേശിച്ചിട്ടുണ്ട്.

 

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

 

 

🤝 തണ്ണീർപന്തലുകള്‍ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍ എന്നിവർ മുന്നോട്ട് വരണം.

 

 

 

ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാല്‍ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാല്‍ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക. പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച്‌ മറികടക്കാം.

Exit mobile version